കണ്ണൂർ: സിപിഎമ്മിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ. കണ്ണൂരിൽ നിന്നു വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതു പക്ഷത്തിന്റെ ഒറ്റുകാരാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. സ്വർണം പൊട്ടിക്കുന്നതിന്റേയും അധോലോകത്തിന്റേയും കഥകൾ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ തുറന്നടിച്ചു.കണ്ണൂരിൽ നിന്നു കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റേയും കരിവള്ളൂരിന്റേയും തില്ലങ്കേരിയുടേയും പാരമ്പര്യമുള്ള മണ്ണാണ് അത്. അവിടെ നിന്നു സ്വർണം പൊട്ടിക്കുന്നതിന്റേയും അധോലോക അഴിഞ്ഞാട്ടത്തിന്റേയും കഥകൾ വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.
സമൂഹ മാധ്യമങ്ങളിൽ ഇടതു പക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതു പക്ഷത്തിന്റെ ബന്ധുക്കൾക്കു പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്നു ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതു ഈ കൂട്ടരാണ്. അവരിൽ നിന്നു ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതു പക്ഷത്തിനു ജനവിശ്വാസം വീണ്ടെടുത്തു മുന്നേറാൻ അകൂ എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോടു നീതി കാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്നു പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര, വികാരങ്ങളേയും വിശ്വാസങ്ങളേയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.