കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിംകള്ക്ക് വാരിക്കോരി നല്കി മുസ്ലിം പ്രീണനം നടത്തുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംഘപരിവാറിനു വേണ്ടി സാമൂഹിക നീതിയെ വെല്ലുവിളിക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.
കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകള്‍ വെച്ച് പരസ്യ സംവാദത്തിന് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ് വിദ്വേഷ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി ലക്ഷ്യം വെക്കുന്നത്. തന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ താല്‍പ്പര്യങ്ങളും മകന്റെ രാഷ്ട്രീയ ഭാവിയുമാണ് വെള്ളാപ്പള്ളിയെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്.ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി എന്താണ് നേടിയതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാന്‍ വെള്ളാപ്പള്ളിക്കു ബാധ്യതയുണ്ട്. ഇടതു സര്‍ക്കാരിന്റെ നവോത്ഥാന സമിതിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി ഇത്തരം ഹീനമായ പ്രസ്താവനകള്‍ നടത്തിയിട്ട് മൗനം തുടരുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്. വിഷലിപ്തമായ പ്രചാരണങ്ങളുടെ ഗുണഭോക്താക്കളായി മാറാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാമൂഹിക നീതിയെ അട്ടിമറിക്കാനാണ് വെള്ളാപ്പള്ളി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ദേവസ്വം ബോർഡ് നിയമനങ്ങളിലുൾപ്പെടെ പിന്നാക്ക ഹിന്ദു സമൂഹങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അവരുടെ അവകാശങ്ങളെയും ആനുകുല്യങ്ങളെയും അട്ടിമറിക്കുന്ന നിലപാട് വെള്ളാപ്പള്ളിയുടേത്. സംസ്ഥാനത്ത്
ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. നിലവിലെ സംസ്ഥാന മന്ത്രിസഭയില്‍ 20 അംഗങ്ങളില്‍ 10 പേരും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. രണ്ടു പേര് മാത്രമാണ് മുസ്ലിം സമൂഹത്തില്‍ നിന്നുള്ളത്. ഇടതു വലതു മുന്നണികള്‍ക്കൊപ്പം നിന്ന് വെള്ളാപ്പള്ളിയാണ് പലതും നേടിയത്.
ഇപ്പോള്‍ ഒരു സീറ്റിലെ ബിജെപി വിജയത്തിലും മറ്റു ചില മണ്ഡലങ്ങളിലെ വോട്ട് വര്‍ധനയ്ക്കും പിന്നില്‍ തങ്ങളാണെന്ന് സംഘപരിവാരത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കേരള പിറവിക്കു ശേഷം സിപിഎമ്മും- കോണ്‍ഗ്രസ്സും എത്ര മുസ്ലിം പ്രതിനിധികളെ ലോകസഭയിലേക്ക് അയച്ചു എന്നത് പരിശോധിക്കപ്പെടണം. എ എ റഹീം, തലേക്കുന്നില്‍ ബഷീര്‍, എം ഐ ഷാനവാസ്, ഷാഫി പറമ്പില്‍ എന്നീ നാലു പേരെയാണ് കോണ്‍ഗ്രസ് അയച്ചതെങ്കില്‍ ഇമ്പിച്ചി ബാവ, ടി കെ ഹംസ, എ എം ആരിഫ് എന്നിവര്‍ മാത്രമാണ് സിപിഎം പാനലില്‍ ലോകസഭയിലെത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫംഗങ്ങള്‍, സംസ്ഥാനത്തെ 14 സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാര്‍, 130 പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്മാന്മാര് എംഡിമാര്‍, 24 സ്റ്റാറ്റിയൂട്ടറി സമിതികളിലെ ചെയര്മാന്മാര്, സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലെയും പ്രാതിനിധ്യം പരിശോധിച്ചാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പൊള്ളത്തരം ബോധ്യമാകും. അതേസമയം കഴിഞ്ഞ 20 വര്‍ഷത്തെ ഇടത്-വലത് മുന്നണി ഭരണത്തില്‍ സംസ്ഥാനത്തെ കണ്ണായ, കോടികള്‍ വിലമതിക്കുന്ന ഭൂമി വിവിധ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പതിച്ചു നല്‍കിയതിന്റെ കണക്ക് പരിശോധിക്കണം.
കേരളത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഒരു സെന്റ് ഭൂമി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വ്യാജപ്രചാരണങ്ങളിലൂടെ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകി സംഘപരിവാര രാഷ്ട്രീയത്തിന് ആക്കം കൂട്ടുന്ന വെള്ളാപ്പള്ളി എന്തു നവോഥമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം. സ്ഥിതി വിവര കണക്കുകള്‍ വെച്ച് പരസ്യ സംവാദത്തിന് വെള്ളാപ്പള്ളി തയ്യാറാവണം. അല്ലാത്ത പക്ഷം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.