എറണാകുളം:ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തിൽ പ്രകടമായിരുന്നു.
രാഷ്ട്രീയക്കാരും ക്രൈസ്തവ സഭാവിരുദ്ധ ശക്തികളും എന്നു വേണ്ട വഴിയെ നടന്നു പോകുന്നവനു പോലും വിമർശിക്കാവുന്ന സാഹചര്യം സംജാതമായിരുന്നു.ശക്തമായി പ്രതികരിക്കാനും ഏതു കൊലകൊമ്പന്റെയും നേർക്ക് നിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിയുന്ന വിധത്തിലേക്ക് ഇന്ന് ക്രൈസ്തവ സമൂഹം മാറിയെന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.ക്രൈസ്തവ സമൂഹത്തോടുള്ള കേരളത്തിലെ ഭരണകര്‍ത്താക്കളുടെ അവഗണനക്കുള്ള തിരിച്ചടികൂടിയാണ് ഈ ഫലം.
ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാത്തതും,വിദ്യാഭ്യാസ, സാമൂഹ്യ,സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനങ്ങളും,ക്രൈസ്തവർക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും,
മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണികളും ,റബ്ബർ കർഷകർക്ക് നേരെയുള്ള അവഗണനകളും,ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ പുലർത്തിയ മൗനവും,തീരദേശങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയും കൊണ്ടാണ് ഇടതു കക്ഷികൾ ദയനീയ പരാജയം നേരിട്ടത്.
ക്ഷേമ പെന്‍ഷന്‍ മുടക്കം, സപ്ലൈകോ തകര്‍ച്ച,അഴിമതി ആരോപണങ്ങള്‍,കരുവന്നൂര്‍ ഉള്‍പ്പെടെ കേരളത്തിലെ സഹകരണ രംഗത്തെ അവിഹിത ഇടപെടലുകള്‍,ശമ്പള മുടക്കം കെഎസ്ആര്‍ടിസി തകര്‍ച്ച എന്നിവയെല്ലാം സര്‍ക്കാരിനെതിരായ വിധിയെഴുത്തിനു കാരണമായിട്ടുണ്ട്.
ഏകാധിപത്യവും,ഫാസിസവും,ക്രൈസ്തവ പീഡനങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബിജെപിയിൽ നിന്ന് അകറ്റിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം തിരിച്ചറിയണം.തൃശ്ശൂരിലെ സ്ഥാനാർത്ഥി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ് വിജയിച്ചത്.
തുടർച്ചയായ പരാജയങ്ങൾ വകവയ്ക്കാതെ തൃശ്ശൂരിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുകയും,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും,ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുകയും ചെയ്ത നേതാവായ സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയ പ്രവർത്തകർക്കുള്ള മാതൃകാ ചൂണ്ടു പലകയാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണം ധൂർത്തടിച്ച് വന്‍ ജനപങ്കാളിത്തത്തോടെ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു ഇടതുപക്ഷം നടത്തിയ നവ കേരള സദസ് രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാഷ്‌ട്രീയ എതിരാളികളെ സ്വന്തം അണികളെ കൊണ്ട് അടിച്ചൊതുക്കുന്ന പരിപാടിയാക്കിയതും കേരള ജനതയിൽ അവമതിപ്പുണ്ടാക്കി.
വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍ട്ടിക്കാരുടെ അക്രമണങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം തുടങ്ങിവയും സര്‍ക്കാരിന് ഉണ്ടാക്കിയ കളങ്കം വലുതാണ്.
രാജ്യത്തെ സാധാരണ പൗരന്മാരെയും,ദരിദ്രരെയും,ന്യൂനപക്ഷങ്ങളെയും,ദുർബ്ബല വിഭാഗങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടുള്ള ഭരണത്തിനു മാത്രമേ ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകൂ എന്ന സന്ദേശമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയപാർട്ടികൾക്ക് നൽകുന്നത്.
ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി സീറോ മലബാർ സഭ,എറണാകുളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.