കട്ടപ്പന: ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്ക് അടിമയായ അയൽവാസി കൊലപ്പെടുത്തിയത് കോടാലി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയശേഷം തല ഇടിച്ചുതകർത്ത്.
കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസിനെയാണ് (35) സുവർണഗിരി വെൺമാന്തറ ബാബു (53) കൊലപ്പെടുത്തിയത്. 14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഭാര്യവീടിനു സമീപത്തെ റോഡിൽ കാറിൽ എത്തിയ സുബിൻ വാഹനം പാർക്ക് ചെയ്യുന്നതിനിടെ ബാബു അസഭ്യം പറഞ്ഞു.ഇതു ചോദ്യം ചെയ്തശേഷം തിരികെ നടക്കുന്നതിനിടെ സുബിനെ പിന്നാലെയെത്തിയ ബാബു തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണു കിടന്ന സുബിന്റെ തലയിൽ വീണ്ടും കോടാലികൊണ്ട് പലതവണ ഇടിക്കുകയും ചെയ്തു.
ഇതുകണ്ട ഭാര്യാസഹോദരി അലറിക്കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി. ഇതോടെ പ്രതി വീടിനുള്ളിൽക്കയറി ഒളിച്ചു. നാട്ടുകാർ ചേർന്ന് സുബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെയും പ്രതി കോടാലികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
ഇതിനിടെ എസ്ഐ ഉദയകുമാറിനു പരുക്കേറ്റെങ്കിലും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുൻപ് കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തിയിരുന്ന ബാബു 2013ൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിയാണ്. സുബിന്റെ സംസ്കാരം നടത്തി. ഇലക്ട്രിഷ്യനായിരുന്നു സുബിൻ. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി തെളിവെടുത്തു.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ എസ്എച്ച്ഒ എൻ.സുരേഷ്‌കുമാറും സംഘവുമാണ് കേസന്വേഷിക്കുന്നത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.