ചെന്നൈ: തെലങ്കാന മുൻഗവർണറും ബി.ജെ.പി.യുടെ തമിഴ്‌നാട്ടിലെ മുതിർന്നനേതാവുമായ തമിഴിസൈ സൗന്ദർരാജനുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴിസൈയുടെ വസതിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച.
പാർട്ടിക്കുവേണ്ടി തമിഴിസൈ കഠിനാധ്വാനം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അണ്ണാമലൈ എക്സിൽ കുറിച്ചു. അവരുടെ രാഷ്ട്രീയ അനുഭവങ്ങളും നിർദേശങ്ങളും പ്രചോദനമാണ്. തമിഴ്നാട്ടിൽ താമര വിരിയുമെന്ന് അവർ ഉറപ്പിച്ചുപറഞ്ഞതായും അണ്ണാമലൈ കൂട്ടിച്ചേർത്തു.തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മുൻ അധ്യക്ഷകൂടിയായ തമിഴിസൈയും തമ്മിലുള്ള ഭിന്നതയാണ് അമിത് ഷായെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വേദിയിലേക്ക് തമിഴിസൈ എത്തിയത്. കൈകൂപ്പി തമിഴിസൈ അഭിവാദ്യംചെയ്തപ്പോൾ പ്രത്യഭിവാദ്യംചെയ്ത അമിത് ഷാ പിന്നീട് അടുത്തേക്ക് വിളിച്ചു സംസാരിക്കുകയായിരുന്നു. അമിത് ഷായുടെ ആംഗ്യവിക്ഷേപങ്ങളിൽനിന്ന് താക്കീത് ചെയ്യുന്നതാണെന്ന് വ്യക്തമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽനേരിട്ട പരാജയത്തെച്ചൊല്ലി ബി.ജെ.പി. സംസ്ഥാനഘടകത്തിൽ ഭിന്നത രൂക്ഷമാണ്. അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ സാധിക്കാത്തതിന്റെ പേരിൽ അണ്ണാമലൈയെ തമിഴിസൈ കുറ്റപ്പെടുത്തിയതോടെയാണ് തർക്കം പുറത്തായത്.
അതേസമയം, തമിഴിസൈ സൗന്ദർരാജനെ പരസ്യമായ ശാസിച്ച അമിത് ഷായ്ക്കെതിരേ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ ശക്തമായ പ്രതിഷേധമുണ്ട്.
ഈ ജില്ലകളിൽ പലയിടങ്ങളിലും അമിത് ഷായ്ക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കുമെതിരേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.