കൊച്ചി: ലക്ഷദ്വീപിലേക്ക് കപ്പല്‍ കടക്കണമെങ്കില്‍ കരിഞ്ചന്തക്കാര്‍ കനിയണം. കപ്പലിലെ ഏറ്റവും താഴ്ന്ന ക്ലാസായ 330 രൂപയുടെ ബങ്ക് ക്ലാസ് ടിക്കറ്റിന് നല്‍കേണ്ടി വരുന്നത് 1,830 രൂപയോളം.
കൊച്ചി കേന്ദ്രീകരിച്ച് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ടിക്കറ്റുകളുടെ കരിഞ്ചന്ത വില്പന വ്യാപകമാവുകയാണ്. യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ അഞ്ചിരട്ടി വരെ നല്‍കിയാലേ കപ്പല്‍ കയറാനാകൂ.
ടിക്കറ്റ് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയതോടെ ട്രാവല്‍ ഏജന്റുമാരുള്‍പ്പെടെ കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് മാറ്റുകയാണ്.ലക്ഷദ്വീപിലേക്ക് നിലവില്‍ കൊച്ചിയില്‍ നിന്നുമാത്രമാണ് കപ്പല്‍ സര്‍വീസുള്ളത്. അഞ്ചു കപ്പലുകളില്‍ നാലെണ്ണമാണ് സര്‍വീസ് നടത്തുന്നത്. ഒരെണ്ണം കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയിലാണ്.
ഈ നാലു കപ്പലിലുമായി ഒരാഴ്ചയ്ക്കിടെ യാത്ര ചെയ്യാവുന്നത് 1,750 പേര്‍ക്കാണ്. അതില്‍ ദ്വീപിലെ സാധാരണക്കാര്‍ക്കൊപ്പം പെര്‍മിറ്റ് എടുക്കുന്ന വിനോദസഞ്ചാരികളും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവരും ഉണ്ടാകും.
ബങ്ക് ക്ലാസിന് 330 രൂപ, സെക്കന്‍ഡ് ക്ലാസിന് 1,300 രൂപ, ഫസ്റ്റ് ക്ലാസിന് 3,510 രൂപ എന്നിങ്ങനെയാണ് ലക്ഷദ്വീപ് നിവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓരോ ദ്വീപിനനുസരിച്ച് നിരക്കില്‍ ചെറിയ മാറ്റമുണ്ടാകും.
കപ്പല്‍ പുറപ്പെടുന്നതിന് 30 ദിവസം മുന്നേ ലക്ഷദ്വീപ് ഭരണകൂടം 60 ശതമാനം ടിക്കറ്റുകള്‍ റിലീസ് ചെയ്യും. അതുപോലെ 10 ദിവസം മുന്നേ 20 ശതമാനവും മൂന്നു ദിവസം മുന്നേ അടുത്ത 20 ശതമാനവും റിലീസ് ചെയ്യും.
ഓണ്‍ലൈന്‍ ടിക്കറ്റിനായുള്ള പ്രത്യേക വെബ്സൈറ്റില്‍ യൂസര്‍നെയിമും പാസ്വേര്ഡും രജിസ്റ്റര്‍ ചെയ്ത്, അക്കൗണ്ട് എടുത്താലേ ബുക്ക് ചെയ്യാനാകൂ. അതും ഒറ്റത്തവണ രണ്ടു ടിക്കറ്റ് മാത്രം. കുടുംബവുമായി യാത്ര ചെയ്യേണ്ടവര്‍ ഒന്നിലധികം യൂസര്‍നെയിം രജിസ്റ്റര്‍ ചെയ്യേണ്ട സ്ഥിതിയാണ്.
എന്നാല്‍, റിലീസ് ചെയ്താലുടന്‍ ട്രാവല്‍ ഏജന്‍സികളും മറ്റു ചിലരും ചേര്‍ന്ന് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യും. എമര്‍ജന്‍സി ക്വാട്ടയിലുള്ള ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയാവുക.
ലക്ഷദ്വീപ് ജനതയില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇപ്പോഴും പരിചിതമല്ല. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണക്കുറവും ഇന്റര്‍നെറ്റിന്റെ വേഗക്കുറവുമെല്ലാം ദ്വീപുകളില്‍ പ്രശ്നമാണ്. എന്നാല്‍, കൊച്ചിയിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതെല്ലാം എളുപ്പമാണ്.
ഇത് മുതലെടുക്കുകയാണ് ട്രാവല്‍ ഏജന്‍സികളും ലക്ഷദ്വീപില്‍നിന്നുള്ള ചിലരും. നിരവധി യൂസര്‍നെയിമുകളിലൂടെ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് വയ്ക്കും. കപ്പല്‍ പുറപ്പെടും മുന്നേ അവര്‍ പറയുന്ന നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടിവരും. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയിട്ടും നടപടിയില്ല.
കൗണ്ടറുകളില്‍ സംഘര്‍ഷം വര്‍ധിക്കുകയും പോലീസ് കേസുകള്‍ കൂടുകയും ചെയ്തതോടെയാണ് ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ ആക്കിയത്.
രണ്ടുമാസത്തിനുള്ളില്‍ സോഫ്റ്റ്വേര്‍ അപ്ഡേഷന് വരുമെങ്കിലും കരിഞ്ചന്ത പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമോ എന്നുറപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.