മദ്യലഹരിയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

ആലപ്പുഴ: മകനു ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ച് മദ്യലഹരിയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആലപ്പുഴ വാടയ്ക്കൽ കാക്കിരിയിൽ വീട്ടിൽ കെ.ജെ. ജോസഫിനെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ വലിയചുടുകാടിനു സമീപമുള്ള ‘അഹ്‌ലൻ’ എന്ന കുഴിമന്തിക്കടയാണ് തകർത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. ഇയാൾ കുടുംബസമേതം രണ്ടുദിവസം മുൻപ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം മകന് ഭക്ഷ്യവിഷബാധയുണ്ടായി. 

വെള്ളിയാഴ്ച ഹോട്ടലിലെത്തി പോലീസുകാരനാണെന്നും ഭക്ഷണംകഴിച്ച് മകൻ ആശുപത്രിയിലാണെന്നും കടയുടമ അബ്ദുൾ ലത്തീഫിനോടു പറഞ്ഞു. വിവരങ്ങൾ ചോദിച്ച അബ്ദുൾ ലത്തീഫിനോട് ഇയാൾ തർക്കിച്ച് ബഹളംവെച്ചശേഷം മടങ്ങി.

കടയുടമ സൗത്ത് പോലീസിൽ അറിയിച്ചതനുസരിച്ച് രണ്ടു പോലീസുകാർ സ്ഥലത്തെത്തി വിവരങ്ങളന്വേഷിച്ച് മടങ്ങി. പിന്നാലെ തിരിച്ചെത്തിയ ജോസഫ് ബൈക്ക് കടയിലേക്ക് ഇടിച്ചുകയറ്റി. കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കടയുടെ ഗ്ലാസ്, മേശ, കസേര എന്നിവ തല്ലിത്തകർത്തു. 

കടയിലുണ്ടായിരുന്നവർ ഭയന്ന് ഇറങ്ങിയോടി. ഹോട്ടലിന്റെ പാർട്ണർ റിയാസിനെ കഴുത്തിനുപിടിച്ച് പുറത്തേക്കുതള്ളിയിട്ടശേഷം ഇയാളെയും ജീവനക്കാരെയും വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തി. ആളുകൾ ഓടിക്കൂടിയെങ്കിലും ഭയപ്പാടിലായിരുന്നതിനാൽ ആരും തടഞ്ഞില്ല.

സ്ഥലത്തെത്തിയ കെട്ടിടമുടമ ജോസഫ് മാത്യുവിന്റെ ഭാര്യ രജനിയെയും ഇയാൾ അസഭ്യം പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി. ഉൾപ്പെട്ട സംഘമെത്തിയാണ് ഇയാളെ പിടികൂടിയത്. കുട്ടിയുടെ ആരോഗ്യനില മോശമായതാണ് ആക്രമണത്തിനു പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു. 

ഭക്ഷ്യവിഷബാധ ആരോപിച്ച് മറ്റാരും പരാതിയുമായെത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ പോലീസിനോടു പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നു പോലീസ്‌ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !