കടുത്തുരുത്തി: വികസന പ്രവർത്തികളുടെ പേരിൽ കുഴിച്ചിട്ടിരിക്കുന്ന മുട്ടുചിറ– ആയാംകുടി റോഡിന്റെ മുട്ടുചിറ മുതൽ വാലാച്ചിറ വരെയുളള ഭാഗത്തു കൂടിയുള്ള യാത്ര ദുരിതം.
ഈ ഭാഗം അടിയന്തരമായി നിർമാണം പൂർത്തിയാക്കി ടാറിങ് നടത്തണമെന്ന് ആവശ്യം ഉയരുന്നു. കടുത്തുരുത്തി – വൈക്കം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന മുട്ടുചിറ - എഴുമാന്തുരുത്ത് - വടയാർ - കല്ലാട്ടിപ്പുറം - ചന്തപ്പാലം - വെള്ളൂർ - മുളക്കുളം റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന 117 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ് ഈ റോഡ് . റോഡിന്റെ ആരംഭ ഭാഗത്ത് ഒരു വശത്ത് വലിയ കുഴി എടുത്തിരിക്കുകയാണ്.കലുങ്ക് നിർമിച്ചതിനു സമീപത്തായി വലിയ ഇരുമ്പു മറയും സ്ഥാപിച്ചിട്ടുണ്ട്. ഇതു മൂലം വളരെ വിഷമിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് . കനത്ത മഴയിൽ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കുഴിയറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നു.
ചെളിക്കുഴികളിൽ നീന്തിയാണ് സ്കൂൾ വിദ്യാർഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്നത്. ആയാംകുടി, എഴുമാന്തുരുത്ത്, കല്ലറ ഭാഗത്തേക്കു ബസ് കാത്തു നിൽക്കുന്നതും ഈ റോഡിന്റെ ആരംഭ ഭാഗത്താണ് . 2022 ഏപ്രിൽ 24 ന് ആയിരുന്നു 22.476 കിലോമീറ്റർ ദൂരമുള്ള റോഡ് കെ.എസ്.ടി.പി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചത്.
രണ്ടു വർഷത്തോളം ആയിട്ടും കാര്യമായി പണി തീർന്നിട്ടില്ല. വാലാച്ചിറ മുതൽ ആയാംകുടി വരെ റോഡിന്റെ ടാറിങ് നടത്തി. ഓടകളുടെ നിർമാണം പൂർത്തിയാക്കാനുണ്ട്. മുട്ടുചിറ മുതൽ വാലാച്ചിറ വരെയുള്ള റോഡ് ഭാഗം ഒഴിവാക്കിയാണ് പണികൾ നടത്തിയത്. മഴക്കാലം ആരംഭിച്ചതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്കും വെള്ളക്കെട്ട് പ്രശ്നവുമുണ്ട്.
വാലാച്ചിറ റെയിൽവേ ഗേറ്റിന്റെ ഇരുഭാഗവും തകർന്നു കിടക്കുകയാണ്. ടാറിങ് നടന്ന വാലാച്ചിറയിൽ രൂക്ഷമായ വെള്ളക്കെട്ടുമുണ്ട്. ഇതിനും പരിഹാരം കാണണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.