കോട്ടയം: കനറാബാങ്കിൽ കോടികളുടെ സാമ്പത്തികനഷ്ടം കണ്ടെത്തിയതോടെ അന്വേഷണം തുടങ്ങിയ ബാങ്ക് അധികൃതർ സി.ബി.ഐ. സഹായം തേടിയത് ഗുണ്ട-പോലീസ്-രാഷ്ട്രീയ കൂട്ടുകെട്ടിന് അഴിക്കാനാകാത്ത കുരുക്കായി.
ബാങ്കിന്റെ കോട്ടയം ചീഫ് മാനേജർ ഉൾപ്പെട്ട ക്രമക്കേടിലെ സങ്കീർണത നിറഞ്ഞ തട്ടിപ്പ് കണ്ടെത്താൻ അന്വേഷണം തുടങ്ങിയ സി.ബി.ഐ., പ്രതികൾ സഞ്ചരിച്ച വഴിയിലൂടെ പിന്നോട്ട് നടന്നെത്തിയത് ജില്ലയിലെ ഗുണ്ടാപ്പട്ടികയിൽപെട്ട ബ്ലേഡ് പലിശക്കാരൻ മാലം സുരേഷിൽ.സമാന രീതിയിൽ നിരവധി കേസുകളിൽ പ്രതിയായ കോട്ടയം മാലം വാവാത്തിൽ കെ.വി.സുരേഷ് പോലീസ്-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സഹായത്തോടെ വർഷങ്ങളായി തട്ടിപ്പുകൾ തുടരുകയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇടതു-വലതു രാഷ്ട്രീയ നേതാക്കളും ഇയാളുടെ വിളിപ്പുറത്തുള്ളതിനാൽ പല പരാതികളിലും വേണ്ട നിയമനടപടികൾ സ്വീകരിക്കാൻ താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരും തയ്യാറല്ലായിരുന്നു.
ഇയാൾക്കെതിരായ കേസുകൾ ഒതുക്കിത്തീർക്കാനും സഹായമൊരുക്കാനും മതനേതൃത്വത്തിലുള്ള ചിലർപോലും രംഗത്തെത്തിയ സംഭവവുമുണ്ട്.
മണർകാട്ടെ വീട് കേന്ദ്രീകരിച്ച് വൻ ചീട്ടുകളികേന്ദ്രം നടത്തിയിരുന്നത് പോലീസിന്റെ ‘സംരക്ഷണ’യിലായിരുന്നു. ഇവിടെ പരിശോധന നടത്താൻപോലും ജില്ലാ പോലീസ് മടിച്ചു. പിന്നീട് മറ്റുവഴിയില്ലാതെ റെയ്ഡിനെത്തിയ പോലീസ് സംഘത്തിലെ ഇൻസ്പെക്ടർക്കുനേരേ മാലം സുരേഷിന്റെ സംഘാംഗം തോക്കുചൂണ്ടി.
ഇയാളെ കീഴ്‌പ്പെടുത്തി മുറിയിൽ പൂട്ടിയിട്ടശേഷമാണ് പോലീസിന് റെയ്ഡ് നടത്താനായത്. മണർകാട് പോലീസ് ഇൻസ്പെക്ടറും മാലം സുരേഷുമായുള്ള ഫോൺ സംഭാഷണം പുറത്തായത് ഗുണ്ട-പോലീസ് രഹസ്യ കൂട്ടുകെട്ട് പരസ്യമാക്കി. ഇതോടെ ഇൻസ്പെക്ടർ സസ്പെൻഷനിലുമായി.
മുൻ സംസ്ഥാന പോലീസ് മേധാവിയോടൊപ്പമുള്ള ചിത്രം കാട്ടിയാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ ഭീഷണിപ്പെടുത്തി ‘വരുതി’യിലാക്കിയിരുന്നത്. വലയിൽ വീഴാത്ത ഉദ്യോഗസ്ഥർക്കെതിരേ പരാതികൾ അയച്ച് വകുപ്പുതല നടപടിയെടുപ്പിക്കും.
അതിനാൽ പല ഉദ്യോഗസ്ഥരും നിയമനടപടിയെടുക്കാൻ മടിച്ചത് ഇയാൾ അവസരമാക്കി. മുൻ മന്ത്രിയായ സി.പി.എം. നേതാവ് ഇയാളുടെ വീട്ടിലെത്തി ഊഞ്ഞാലാടുന്ന ചിത്രവും വിവാദമായിരുന്നു. ഉദ്യോഗസ്ഥരെ മദ്യവും മറ്റും നൽകി വലയിൽ വീഴ്ത്തി, ഇത് രഹസ്യതെളിവായി സൂക്ഷിച്ച് പിന്നീട് ഈ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുന്നതും ഇയാളുടെ രീതിയാണ്.
കഴിഞ്ഞയിടെ ഏറ്റുമാനൂർ സ്വദേശിയായ വിദേശ ഇന്ത്യൻ വ്യവസായിക്കെതിരേ വധഭീഷണി മുഴക്കുകയും തമിഴ്നാട്ടിൽവെച്ച് വാഹനം ഇടിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ വൻ പോലീസ് സംഘം വീടുവളഞ്ഞ് ഇയാളെ അറസ്റ്റുചെയ്തു.
തോക്കും, വസ്തു ഇടപാടുകൾ സംബന്ധിച്ച നിരവധി രേഖകളും, വൻതോതിൽ വിദേശമദ്യവും ഇവിടെനിന്ന് പിടിച്ചെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.