തിരുവനന്തപുരം:രാജ്യസഭാ സീറ്റ് സിപിഐക്കും കേരളാ കോണ്‍ഗ്രസിനും (എം) നല്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും കൂടുതല്‍ തലവേദനയാകുന്നു.
രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് നിരാശരാകേണ്ടിവന്ന ആര്‍ജെഡി കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതാണു പ്രശ്നം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത്.
വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന ഒരു രാഷ്ട്രീയവിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ തങ്ങള്‍ക്കു മന്ത്രിസ്ഥാനം വേണമെന്ന് ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനൊപ്പം ജെഡിഎസിനു മന്ത്രിസഭയിലും മുന്നണിയിലും നല്കുന്ന പരിഗണന സംബന്ധിച്ച് ശ്രേയാംസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒരേസമയം സിപിഎമ്മിനും ജെഡിഎസിനും തലവേദനയാകും.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമായിട്ടുള്ള ജെഡിഎസിന് എന്തിനാണ് കേരളത്തില്‍ ഇടതു സര്‍ക്കാരില്‍ പ്രാമുഖ്യം നല്‍കുന്നതെന്നാണു ശ്രേയാംസ് കുമാര്‍ ചോദിച്ചത്.
‘‘കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പവും കേന്ദ്രത്തില്‍ എന്‍ഡിഎ മന്ത്രിയും ഉള്ള ഒരു പാര്‍ട്ടി ഇടതുമുന്നിയിലുണ്ട്. അതിലാര്‍ക്കും ഒരു പ്രശ്നവുമില്ല. കേന്ദ്രമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഇവിടെ അതേ ചിഹ്നവും പേരും കൊടിയും ഉപയോഗിക്കുന്നു.
ഇവിടുത്തെ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണെന്നല്ല പറഞ്ഞത്. പക്ഷേ, സാങ്കേതികമായി അവര്‍ ആ പാര്‍ട്ടിയുടെ ഭാഗമാണ്. അവരുടെ നേതാവാണ് കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിട്ടുള്ളത്. ജെഡിഎസിന് എഴുപതോളം സ്ഥാനങ്ങള്‍ നല്കി. ഞങ്ങള്‍ക്ക് അര്‍ഹമായതു പോലും നല്‍കുന്നില്ല’’ - ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ജനതാദള്‍-എസ് (ജെഡിഎസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി മോദി മന്ത്രിസഭയില്‍ അംഗമായതോടെ ആ പാര്‍ട്ടിയുടെ കേരളഘടകം എല്‍ഡിഎഫില്‍ തുടരുന്നതിലെ വൈരുധ്യം വീണ്ടും ചര്‍ച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയാണ് എം.വി.ശ്രേയാംസ് കുമാര്‍.
ഒരേസമയം നരേന്ദ്ര മോദി മന്ത്രിസഭയിലും പിണറായി വിജയന് മന്ത്രിസഭയിലും ഒരു പാര്‍ട്ടി തുടരുന്നത് ജെഡിഎസിനെ മാത്രമല്ല സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
ഗൗഡാ ബന്ധം വിഛേദിച്ചുവെന്നാണു കേരള നേതൃത്വം പറയുന്നതെങ്കിലും സാങ്കേതികമായി ഇപ്പോഴും ദേവെഗൗഡ അധ്യക്ഷനായ പാര്‍ട്ടിയുടെ കേരളഘടകം തന്നെയാണ് ഇവിടെയുള്ളത്. ദേവെഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ കേസുകളില്‍ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കള്‍ക്കു തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
കേന്ദ്രനേതൃത്വത്തിന്റെ ബിജെപി ബന്ധത്തില്‍ അതൃപ്തിയുണ്ടെങ്കിലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ ഇതുവരെ സംസ്ഥാന ഘടകത്തിനു കഴഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ സി.കെ.നാണുവും എ.നീലലോഹിതദാസും പാര്‍ട്ടി വിടുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ.കൃഷ്ണന് കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും അന്തിമതീരുമാനം എടുക്കാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്നാണു സംസ്ഥാന നേതൃതം പറഞ്ഞിരുന്നത്. എന്നാല്‍ ജെഡിഎസ് മോദി മന്ത്രിസഭയില്‍ അംഗമാകുക കൂടി ചെയ്തതോടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ നേതാക്കള്‍. ശ്രേയാംസ് കുമാര്‍ ഇതു കൂടുതല്‍ ചര്‍ച്ചയാക്കുക കൂടി ചെയ്തതോടെ സിപിഎമ്മിനും മറുപടി പറയേണ്ടിവരും.
നിയമസഭാ സമ്മേളനത്തിനിടെ യുഡിഎഫ് വിഷയം സഭയില്‍ ഉയര്‍ത്തിയാല്‍ ഇടതുമുന്നണി കൂടുതല്‍ പ്രതിരോധത്തിലാകും. ഒരുഘട്ടത്തില്‍ ആര്‍ജെഡി-ജെഡിഎസ് ലയനം സംബന്ധിച്ചു നീക്കങ്ങള്‍ സജീവമായെങ്കിലും ബിജെപി ബന്ധം തന്നെയാണ് വിഷയത്തില്‍ കല്ലുകടിയായത്.
പുതിയ പാര്‍ട്ടി പ്രഖ്യാപനമോ ജനാധിപത്യ-സോഷ്യലിസ്റ്റ് സ്വഭാവമുള്ള ദേശീയ പാര്‍ട്ടിയുമായുള്ള ലയനമോ ആണ് ജെഡിഎസ് സംസ്ഥാന നേതൃതത്തിനു മുന്നിലുള്ള പോംവഴി. എന്നാല്‍ ഇതു സംബന്ധിച്ചൊന്നും തീരുമാനമായിട്ടില്ല.
മുന്നണിയിലെ തന്നെ ഒരു പാര്‍ട്ടി വിഷയം വീണ്ടും സജീവചര്‍ച്ചയാക്കിയ സ്ഥിതിക്ക് പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകണമെന്ന് സിപിഎം കടുംപിടിത്തം പിടിക്കുമെന്ന് ഉറപ്പാണ്.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.