കൊച്ചി:സംസ്ഥാനത്തേക്കു ലഹരി എത്തിക്കുന്നതിൽ പ്രധാനിയായ ‘ബംഗാളി ബീവി’ എക്സൈസിന്റെ വലയിൽ.
ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി എന്ന് ഇടപാടുകാർക്കിടയിൽ വിളിപ്പേരുള്ള ബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൺ (18).
പത്തുലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായാണ് ഇവർ പിടിയിലായത്. ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോൺ അബാഗൻ സ്വദേശി ബഹറുൾ ഇസ്‌ലാമും(കബൂത്തർ സേട്ട്-24) പിടിയിലായിട്ടുണ്ട്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷൽ സ്ക്വാഡ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 2 സ്മാർട്ട് ഫോണുകൾ, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ സ്കെയിൽ എന്നിവയും എക്സൈസിനു ലഭിച്ചിട്ടുണ്ട്.
അസം–ഭൂട്ടാൻ അതിർത്തിയിലെ കരീംഗഞ്ചിൽ നിന്നാണ് ഇവർ ലഹരി എത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഏലൂർ പാതാളം മുപ്പത്തടത്തിനു സമീപത്തെ വീട്ടിൽ ഇവർ ഉണ്ടെന്നു കണ്ടെത്തിയ എക്സൈസ് സംഘം വീടു വളഞ്ഞാണു പിടികൂടിയത്.
ബഹറുൾ ഇസ്‌ലാം ഉദ്യോഗസ്ഥരെ വെട്ടിച്ചു പിൻവാതിൽ വഴി ഓടിയെങ്കിലും പിടികൂടി. ഹെറോയിൻ 100 മില്ലി ഗ്രാം വീതം 200 ചെറിയ കുപ്പികളിലാക്കി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നു. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൻ അടങ്ങിയ രണ്ടു പ്ലാസ്റ്റിക് ബോക്സുകളും 550 കാലിക്കുപ്പികളും കണ്ടെടുത്തു.
100 മില്ലി ഗ്രാം ഹെറോയിൻ 3000 രൂപയ്ക്കാണു പ്രതികൾ വിറ്റിരുന്നത്. സംസ്ഥാനത്തു വൻകിട റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുമായി ചേർന്നായിരുന്നു പ്രതികളുടെ പ്രവർത്തനം. പ്ലാസ്റ്റിക് ബോക്സുകളിൽ നിറച്ച ഹെറോയിൻ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവച്ചു ട്രെയിൻ മാർഗമാണു ടാനിയ പർവീൺ കടത്തിയിരുന്നത്.
ബഹറുൾ ഇസ്‌ലാമും ടാനിയയും ചേർന്നാണ് ഇടനിലക്കാർക്ക് ഇതു കൈമാറിയിരുന്നത്. രണ്ടു മാസം മുൻപു ലഹരിയുമായി പിടിയിലായ ആളിൽ നിന്നു ലഭിച്ച വിവരപ്രകാരം ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓർഡർ പ്രകാരം ലഹരിമരുന്ന് എത്തിച്ച് ആവശ്യക്കാർക്കു കൈമാറി ഒരാഴ്ചയ്ക്കകം ഉത്തരേന്ത്യയിലേക്കു തിരിച്ചുപോകുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടെ ഇടപാടുകാരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ജി.കൃഷ്ണകുമാർ അറിയിച്ചു.
എറണാകുളം സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എറണാകുളം സ്പെഷൽ സ്ക്വാഡിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്,
പ്രിവന്റീവ് ഓഫിസർമാരായ സി.പി. ജിനേഷ് കുമാർ, ടി.ടി.ശ്രീകുമാർ, സജോ വർഗീസ്, വനിതാ സിഇഒ സരിതാ റാണി എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.