തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ബി.ജെ.പി. നേതാവ് വി. മുരളീധരൻ.
പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ മൃതദേഹങ്ങൾ പട്ടടയിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് മരിച്ചവരുടെ സംസ്കാരത്തിൽ എത്തണമായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.പ്രവാസ ലോകത്ത് മലയാളികൾ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. പ്രധാനമന്ത്രി നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വിദേശകാര്യ സഹമന്ത്രിയുടെ യാത്രയ്ക്കിടെ അദ്ദേഹം തന്നെ ഇടപെട്ട് നടത്തി- മുരളീധരൻ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ; വീണാ ജോർജ് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാൻ? എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളും നിങ്ങളും എന്ന പിണറായി വിജയന്റെ പ്രസ്താവന വേർതിരിവ് ഉണ്ടാക്കാനാണ്. കേന്ദ്ര സർക്കാരിന് വേർതിരിവില്ല. സംസ്ഥാന സർക്കാർ സാന്നിധ്യം അറിയിക്കാൻ പോകേണ്ടിയിരുന്നത് കുവൈത്തിൽ അല്ല, മരിച്ചവരുടെ വീട്ടിലേക്കാണ്. വർക്കല എം.എൽ.എയും അരുവിക്കര എം.എൽ.എയും പോകണം എന്ന് പറഞ്ഞാൽ ഇത് എവിടെയാണ് അവസാനിക്കുക?
ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവർത്തനം നിർവഹിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കട്ടെ. ദുരന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവയ്ക്കാനുള്ള വിവേകം പിണറായി വിജയൻ കാണിക്കണം- മുരളീധരൻ പറഞ്ഞു.
പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പ് മന്ത്രിയോട് നെടുമ്പാശ്ശേരിയിൽ കാത്തിരിക്കാൻ ആരെങ്കിലും പറഞ്ഞോ? കെ.എസ്.ആർ.ടി.സി. ബസിൽ പോകുന്ന ലാഘവത്തോടെയാണോ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. ഈ വിവരക്കേടിന് നരേന്ദ്രമോദിയെ പഴിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.