തിരുവനന്തപുരം: നിയമസഭയിൽ ടൂറിസം വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. സ്വകാര്യ കൺസൾട്ടൻസിയെ ഏൽപ്പിച്ച് പദ്ധതിയെ അട്ടിമറിക്കാൻ നീക്കമുണ്ട്. തുടങ്ങിയ ഗുരുതര ആരോപണങ്ങളും കടകംപള്ളി സഭയിൽ ഉന്നയിച്ചു.ആരോപണങ്ങൾക്ക് മറുപടി പറയാതെ കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ടു പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.തന്റെ മണ്ഡലത്തിൽ താൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുന്നുവെന്നാണ് കടകംപള്ളിയുടെ ഗുരുതരാരോപണം.
സമയബന്ധിതമായി കരാറിൽ ഏർപ്പെടാതെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ടൂറിസം വകുപ്പ് കരാർ നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായതെന്ന് കടകം പള്ളി സഭയിൽ പറഞ്ഞു. വകുപ്പ് മന്ത്രി സഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്തെ റോഡ് നിർമ്മാണ കരാറുകളിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഉന്നമിട്ട് നേരത്തെ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ പഴിച്ചു കൊണ്ടായിരുന്നു റിയാസിനെിതരേയുള്ള ഒളിയമ്പുകൾ.
ഇതിന് മറുപടിയുമായി റിയാസും രംഗത്തെത്തിയിരുന്നു. മാസങ്ങൾ ശേഷമാണ് വീണ്ടും കടകംപള്ളി, ടൂറിസം വകുപ്പിനെതിരേ പരോക്ഷമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.