തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷന്‍ കൊലപാതകമെന്ന് നിഗമനം. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരന് നല്കിയ ക്വട്ടേഷന്‍ നടപ്പിലാക്കിയെന്നാണ് പ്രതിയായ അമ്പിളി എന്ന സജികുമാര്‍ മൊഴി നല്‍കിയിരുന്നത്.
പൂങ്കുളം സ്വദേശിയായ സുനില്‍കുമാറാണ് കൊലപാതകം നടത്താനുള്ള ബ്ലേഡും ക്ലോറോഫോമും നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സുനില്‍കുമാറിനായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
ക്ലോറോഫോം മണപ്പിച്ചശേഷമാണ് പ്രതി ക്വാറി ഉടമയായ ദീപുവിൻ്റെ കഴുത്തറത്തതെന്നാണ് സൂചന. അതിനിടെ, കൊലയ്ക്ക് ശേഷം പ്രതി കളിയിക്കാവിളയിലെ ഒരു മെഡിക്കല്ഷോപ്പിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്പിളിയെ പിടികൂടുന്നതില്‍ ഏറെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണിത്. കൊലയ്ക്ക് ശേഷം ഇവിടെയെത്തിയ അമ്പിളി മെഡിക്കല്‍ഷോപ്പിലെ ജീവനക്കാരനില്‍നിന്ന് ഫോണ്‍ വാങ്ങി വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വിളിച്ചയാളെ കിട്ടാത്തതിനാല്‍ ഡയല്‍ചെയ്ത നമ്പര്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ തിരികെനല്‍കി. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഈ അപരിചിതനെക്കുറിച്ച് ജീവനക്കാരന് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇത് അമ്പിളിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതിനിടെ, ക്വാറി ഉടമയെ കൊലപ്പെടുത്താന്‍ ദിവസങ്ങളുടെ ആസൂത്രണം നടന്നതായാണ് സൂചന. കൊലപാതകം നടത്തുന്നതിന് മുമ്പ് സുനില്‍കുമാറും താനും കളിയിക്കാവിളയിലെ വിവിധയിടങ്ങളില്‍ കാറില്‍ വന്നിരുന്നതായി അമ്പിളി മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംഭവദിവസം പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ ഇത് വീട്ടില്‍വെച്ചാണ് കളിയിക്കാവിളയിലേക്ക് പോയത്. പ്രതിയുടെ ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ സംഭവസമയത്ത് ഇയാള്‍ വീട്ടിലുണ്ടെന്നായിരുന്നു ഇവരുടെ ആദ്യമൊഴി. പിന്നീട് ഇത് തെറ്റാണെന്ന് തെളിഞ്ഞു. വിശദമായി ചോദ്യംചെയ്തതോടെ അമ്പിളി കൊണ്ടുവന്ന പണം വീട്ടിലുണ്ടെന്നത് ഉള്‍പ്പെടെ ഭാര്യ സമ്മതിച്ചു. ഈ പണം അമ്പിളിയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തായാണ് വിവരം.
തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ദീപു കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. നിലവില്‍ മാര്‍ത്താണ്ഡത്തെ ഗസ്റ്റ് ഹൗസിലാണ് അന്വേഷണസംഘം പ്രതിയെ ചോദ്യംചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. അമ്പിളിയുടെ ഭാര്യ കളിയിക്കാവിള സ്റ്റേഷനിലുണ്ട്. ഇവരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.