ന്യൂഡൽഹി∙ മൂന്ന് മണിക്കൂർ! തട്ടിക്കൊണ്ടുപോയ കുട്ടികളെ മിന്നൽ ചേസിങിലൂടെ രക്ഷപ്പെടുത്തി ഡൽഹി പൊലീസ്. ശനിയാഴ്ച അർധരാത്രി നടന്ന അതിനാടകീയ രംഗങ്ങൾക്കിടെ രണ്ട് ജില്ലകളിലെ പൊലീസുകാർ കുട്ടികളെയും അവരെ തട്ടിയെടുത്തവരെയും പിന്തുടർന്നത് 80 കിലോമീറ്റർ. കിഴക്കൻ ഡൽഹിയിലെ ഷക്കാർപുരിൽ ശനിയാഴ്ച്ച അർധരാത്രിയോടെയായിരുന്നു സംഭവം.
ഹരിയാന ഗുരുഗ്രാം സ്വദേശിയും ബിസിനസുകാരനുമായ യുവാവ്, രാത്രി ഭക്ഷണം കഴിക്കാനാണ് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ഷക്കാർപുരിലെത്തിയത്. ഭക്ഷണം കഴിച്ച് ഗുരുഗ്രാമിലേക്കുള്ള മടക്കയാത്രയ്ക്കിടെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വാങ്ങാനായി യുവാവും യുവതിയും കാർ നിർത്തി പുറത്ത് പോയി. കുട്ടികളെ കാറിനുള്ളിൽ ഇരുത്തിയാണ് ഇരുവരും കടയിലേക്ക് പോയത്. തിരിച്ചു വന്നപ്പോൾ കുട്ടികളെയും കാറിനെയും കാണാതായി.
പരിഭ്രാന്തനായ പിതാവ് പതിനൊന്നു വയസുകാരിയായ മകളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് അജ്ഞാതനായ വ്യക്തിയായിരുന്നു.കുട്ടികളെ വിട്ടുകിട്ടണമെങ്കിൽ 50 ലക്ഷം രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. ഡൽഹി ജോയിന്റ് കമ്മിഷണർ സാഗർ സിങ് ഖൽസി, ഇൻസ്പെക്ടർ സഞ്ജയ് ഗുപ്തയുടെ നേതൃത്വത്തിൽ പൊലീസ് ടീമിനെ സജ്ജമാക്കി.
തട്ടിക്കൊണ്ടുപോയ വ്യക്തിയുമായി നിരന്തരം സംസാരിക്കാൻ പിതാവിനു പൊലീസ് നിർദ്ദേശം നൽകി. മൊബൈൽ ഫോണിന്റെ ലൊക്കേഷനിലൂടെ കാറിന്റെ ദിശ മനസിലാക്കിയ പൊലീസ് 20 വാഹനങ്ങളിലായി പിന്തുടർന്നു. മൂന്ന് മണിക്കൂറത്തെ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ രാത്രി രണ്ടരയോടെ കുട്ടികളെ വാഹനത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ടുപോയവർ കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പ്രതികൾക്കായുള്ള അന്വേഷണം ഡൽഹി പൊലീസ് ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.