തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കരുത്തേകാൻ നാല് ടഗ് ബോട്ടുകൾ പ്രവർത്തന സജ്ജമായി. തീരത്തേക്ക് വരുന്ന വലിയ കപ്പലുകളെ കൃത്യമായി തുറമുഖ തീരത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന ചെറിയ, കരുത്താർന്ന ബോട്ടുകളാണ് ടഗ് ബോട്ടുകൾ. വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിക്കുമ്പോൾ ഇവിടേക്കുന്ന വലിയ കപ്പലുകളെ നിയന്ത്രിക്കുക ഈ ടഗ് ബോട്ടുകളാകും.
കാഴ്ചയിൽ ചെറുതാണെങ്കിലും ശക്തമായ എഞ്ചിനുകളും ശക്തിയുമുള്ള പ്രൊപ്പെല്ലറുകളും ടഗ് ബോട്ടുകൾക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ കപ്പലുകളെ അനായാസം നിയന്ത്രിക്കാൻ അവയ്ക്ക് കഴിയും. കപ്പലിലെ ചരക്കുകളുടെ ഭാരംകൊണ്ടും തുറമുഖത്തിന്‍റെ സുരക്ഷ മുൻനിർത്തിയും പൈലറ്റ് ബോർഡിങ് സ്റ്റേഷൻ മുതൽ തുറമുഖ തീരം വരെ ടഗ് ബോട്ടുകൾക്കാണ് കപ്പലിന്‍റെ നിയന്ത്രണം.
നിശ്ചയിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കി കപ്പലുകളെ യഥാസ്ഥാനത്ത് എത്തിക്കേണ്ട ചുമതല ടഗ് ബോട്ടുകൾക്കാണ്. കപ്പലിന്‍റെ ക്യാപ്റ്റനുമായി നിരന്തരം സഞ്ചാരപഥം വിശദീകരിച്ചു കൊണ്ടിരിക്കും. തുറമുഖത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ടഗിൽ ഉണ്ടാകും. വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (വിടിഎംഎസ്) ആണ് ഇവയുടെ നിയന്ത്രണം. വിഴിഞ്ഞം തുറമുഖത്ത് വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റത്തിന്‍റെ നിർമാണ പ്രവർത്തി ദ്രുതഗതിയിൽ നടക്കുകയാണ്. ടഗുകളുടെ ഭാര പരിശോധനയും നടക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ അടുത്ത ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടെന്നു മന്ത്രി വിഎൻ വാസവൻ നിയമസഭയെ അറിയിച്ചിരുന്നു.
തുറമുഖ നിർമാണം വൈകിയതിന് 219 കോടി രൂപ പിഴത്തുകയായി ഇക്വിറ്റി സപ്പോർട്ട് ഫണ്ടിൽനിന്നു പിടിച്ചു വച്ചിട്ടുണ്ടെങ്കിലും അടുത്ത ഘട്ടം 2028ൽ പൂർത്തിയാക്കിയാൽ 175.2 കോടി രൂപ മടക്കി നൽകും. 43.80 കോടി രൂപ പിഴയായി ഈടാക്കും. മുൻ നിശ്ചയപ്രകാരം 2034 മുതൽ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണമെന്നും സർക്കാർ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.