ന്യൂഡൽഹി: 'ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനല്‍ കെട്ടില്ലെങ്കില്‍ ചിലപ്പോള്‍ കൈ പൊള്ളി പോകും" എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാള്‍.
ചാരത്തില്‍ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു സുരേഷ് ഗോപിയുടെ ഓരോ വിജയവും മലയാളികള്‍ നോക്കിക്കണ്ടത്. ആക്ഷൻ സിനിമകള്‍ പലതും മലയാളത്തില്‍ പിറന്നുവെങ്കിലും ജനമനസിലെ ഒരേയൊരു ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി!അഭിനയവും രാജ്യസേവനവും ഒരേ കുടക്കീഴില്‍ കൊണ്ടുപോകുന്ന സുരേഷ് ഗോപിയുടെ പ്രവർത്തികള്‍ തന്നെയായിരുന്നു ഏതൊരാളുടെ ഹൃദയത്തെയും കീഴടക്കിയിരുന്നത്.
പൊതു പ്രവർത്തകൻ, രാജ്യസഭാ മുൻ എംപി തുടങ്ങിയ സ്ഥാനങ്ങളിലൂടെ കടന്നു പോയ അദ്ദേഹം ഇന്ന് മൂന്നാം മോദി സർക്കാരില്‍ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ്. തൃശൂരില്‍ നിന്നുള്ള ലോക്‌സഭാംഗവും കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗവുമാണ് അദ്ദേഹം.
1958 ജൂണ്‍ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലം ജില്ലയില്‍ ജനനം. 1965-ല്‍ കെ. എസ് സേതുരാമൻ സംവിധാനം ചെയ്ത 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തിയത്.
1984ല്‍ 'നിരപരാധി' എന്ന തമിഴ് സിനിമയിലും ചെറിയൊരു വേഷം കൈകാര്യം ചെയ്ത് തമിഴ് സിനിമാ ലോകത്തും കാലെടുത്തുവച്ചു. 1986ല്‍ രാജാവിന്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1986-ല്‍ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നല്‍, സായംസന്ധ്യ എന്നീ സിനിമകളില്‍ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചതും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ല്‍ റിലീസായ മോഹൻലാല്‍ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.
1990 കളിലാണ് അദ്ദേഹം നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1992-ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രം വൻ വിജയമായതോടെ സുരേഷ് ഗോപി എന്ന അതുല്യപ്രതിഭയെ മലയാളികള്‍ ഹൃദയത്തിലേറ്റി. പിന്നീട് ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.
1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു. ആ വിജയ തേരോട്ടം ഇന്നും നിലയ്‌ക്കാതെ തുടർന്ന് 257-ാം ചിത്രമായ 'വരാഹ'ത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.
സൂപ്പർഹിറ്റുകള്‍ സമ്മാനിച്ച താരം എന്നതിലുപരി ജനജീവിതം അറിഞ്ഞു പ്രവർത്തിച്ച രാഷ്‌ട്രീയ പ്രവർത്തകനാണ് സുരേഷ് ഗോപി. നിർധനരായ ഒരുപാട് കുടുംബങ്ങള്‍ക്ക് അദ്ദേഹം താങ്ങും തണലുമായി.
പാവങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. എല്ലാവരെയും ഒരുപോലെ നെഞ്ചോട് ചേർത്തു പിടിക്കുന്ന നായകനെ ഇന്ന് കേരളക്കരയാകെ ചേർത്തു പിടിച്ചു ജന്മദിനാശംസകള്‍ നേരുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.