ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസ് 18-ന് നല്കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി നല്കി,
'രാജ്യത്തെ ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഹിന്ദു-മുസ്ലിം കാര്‍ഡിറക്കാന്‍ തുടങ്ങുന്ന ദിവസം, പൊതുജീവിതം നയിക്കുന്നതില്‍ ഞാന്‍ അയോഗ്യനാകും. ഞാന്‍ ഹിന്ദു-മുസ്ലിം വിഭാഗീയത നടത്തില്ല. ഇത് എന്റെ ദൃഢനിശ്ചയമാണ്'
..'ഞാന്‍ ഞെട്ടിപ്പോയി, കൂടുതല്‍ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവര്‍ മുസ്ലീങ്ങളാണെന്ന് അനുമാനിക്കുന്നത് എന്തുകൊണ്ടാണ്, പാവപ്പെട്ട ഹിന്ദു കുടുംബങ്ങളില്‍പ്പോലും ഈ പ്രശ്നമുണ്ട്. നിങ്ങള്‍ മുസ്ലിങ്ങളോട് ഇത്ര അനീതി കാണിക്കുന്നത് എന്തുകൊണ്ടാണ്..
പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. ദാരിദ്ര്യം ഉള്ളിടത്ത് അവരുടെ സാമൂഹിക വലയം പരിഗണിക്കാതെ കുട്ടികള്‍ കൂടുതല്‍ ഉണ്ട്. ഞാന്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ എവിടെയും പറഞ്ഞിട്ടില്ല. ഒരാള്‍ക്ക് പരിപാലിക്കാന്‍ കഴിയുന്നത്രയും മക്കളുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാകരുത്' മോദി പറഞ്ഞു.
താന്‍ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരും ഒരുമിച്ച് എല്ലാവര്ക്കും വികസനം എന്ന മുദ്രവാക്യത്തിലൂന്നിയാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും മോദി പറഞ്ഞു. 2002ന് ശേഷം തന്നെ മുസ്ലിം വിരുദ്ധനാക്കി എതിരാളികള്‍ ചിത്രീകരിച്ചെന്നും അഭിമുഖത്തിനിടെ മോദി കൂട്ടിച്ചേര്‍ത്തു.
'എന്റെ വീടിന് ചുറ്റും നിരവധി മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നു. എന്റെ വീട്ടില്‍വെച്ചും ഈദ് ആഘോഷിച്ചിട്ടുണ്ട്. ഈദ് ദിവസം ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിരുന്നില്ല. ചുറ്റുമുള്ള മുസ്ലിംകുടുംബങ്ങളില്‍ നിന്നാണ് അന്ന് ഭക്ഷണം വന്നിരുന്നത്. തനിക്കിപ്പോഴും ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. 2002ന് ശേഷം എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു' മോദി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നത്. 'മുമ്പ്, അവര്‍ അധികാരത്തിലിരുന്നപ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്തില്‍ മുസ്ലിങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു.
അതിനര്‍ത്ഥം, അവര്‍ ഈ സമ്പത്ത് ആര്‍ക്ക് വിതരണം ചെയ്യുമെന്നാണ്? അവര്‍ അത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?'
ഏപ്രില്‍ 21-ന് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ബന്സ്വാഡയില് സംസാരിക്കുന്നതിനിടെ പറഞ്ഞു. ഈ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.