വോട്ടെടുപ്പ് ആറാം ഘട്ടത്തിലേക്ക് സന്ധിയും സമവായവും ഇല്ലാതെ മായാവതി..നീക്കങ്ങൾ ബിജെപിക്ക് അനുകൂലമെന്ന് ഇന്ത്യ സംഖ്യം

ന്യൂഡൽഹി: കർഷകസമരവും അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ഉയർത്തിയ രാഷ്ട്രീയചലനങ്ങൾ അളക്കുന്ന വിലയിരുത്തലാണ് ശനിയാഴ്ച നടക്കുന്ന ആറാംഘട്ടംവോട്ടെടുപ്പ്.

പഞ്ചാബിനെപ്പോലെ കർഷകസമരത്തിന്റെ കനലുകൾ അണയാത്ത ഹരിയാണയിലെ മണ്ഡലങ്ങളും ജയിലിൽനിന്നിറങ്ങിയ കെജ്‌രിവാൾ നൽകിയ ഊർജത്തോടെ ആം ആദ്മി പാർട്ടി മത്സരിക്കുന്ന ഡൽഹിയും ആറാംഘട്ടത്തിന്റെ രാഷ്ട്രീയഭൂപടത്തെ സങ്കീർണമാക്കുന്നു. 

2019-ൽ ബി.ജെ.പി. മുൻതൂക്കം നേടിയ മണ്ഡലങ്ങളാണ് ഇവയിൽ ഏറെയും.രണ്ടാംകർഷകസമരം തുടരുന്നതിനിടയിലാണ് ഹരിയാണയിലെ പത്തുമണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. 2019-ൽ പത്തിൽ പത്ത് നേടിയ ബി.ജെ.പി. ഇക്കുറി കർഷകസമരത്തിനു മുന്നിൽ വിയർക്കുന്നു.

ഇതിനിടെ തടി രക്ഷിക്കാൻ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ട് വെട്ടിയെങ്കിലും ജെ.ജെ.പി.ക്കും രോഷത്തിൽനിന്ന് രക്ഷയില്ല. 

പല മേഖലകളിലും ബി.ജെ.പി., ജെ.ജെ.പി. സ്ഥാനാർഥികൾക്ക് കർഷകരോഷത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വനിതാ ഗുസ്തിതാരങ്ങൾ ബി.ജെ.പി. നേതാവായ മുൻ ഫെഡറേഷൻ പ്രസിഡന്റിനെതിരേ ഉയർത്തിയ പരാതിയുടെ കനലുകളും നീറിക്കിടപ്പുണ്ട്.

ജെ.ജെ.പി.പിന്തുണ പിൻവലിച്ചശേഷം ആടിയുലയുന്ന സംസ്ഥാനഭരണത്തിന്റെ പ്രതിസന്ധികളും എൻ.ഡി.എ. സഖ്യത്തിന് തലവേദനയാണ്. ഈ കലക്കവെള്ളത്തിനിടെ മീൻപിടിക്കാനുള്ള തന്ത്രമൊരുക്കിയാണ് കോൺഗ്രസ് കളത്തിലിറങ്ങിയിരിക്കുന്നത്.

ഡൽഹിക്കും പഞ്ചാബിനും പുറത്ത് ആം ആദ്മി പാർട്ടി സ്വാധീനം വർധിപ്പിക്കാനൊരുങ്ങുന്ന ഹരിയാണയിൽ, കുരുക്ഷേത്രമണ്ഡലം ആപ്പിന് പ്രതീക്ഷയാണ്.ഉത്തർപ്രദേശിൽ 2019-ൽ ബി.ജെ.പി. മേധാവിത്വം നേടിയ 14 സീറ്റുകളിലാണ് ആറാംഘട്ടം വോട്ടെടുപ്പ്.

അസംഗഢ്, ഫുൽപുർ, പ്രയാഗ് രാജ്, അംബേദ്കർ നഗർ തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്തമത്സരമാണ് ബി.ജെ.പി. നേരിടുന്നത്. മുന്നണികളിൽപ്പെടാതെ എല്ലാ മണ്ഡലത്തിലും സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന ബി.എസ്.പി., 

ഇന്ത്യസഖ്യത്തിന്റെ വോട്ടുപിളർത്തുമെന്ന പ്രതീക്ഷയാണ് ഇക്കുറി യു.പി.യിൽ ബി.ജെ.പി.യുടെ പിടിവള്ളി. മായാവതിയുടെ ദളിത് വോട്ടുബാങ്കുകളുടെ തട്ടകമായ അംബേദ്കർ നഗർ മണ്ഡലമാണ് ഈ രാഷ്ട്രീയതന്ത്രത്തിന്റെ മികച്ച ഉദാഹരണം.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.എസ്.പി. ക്യാമ്പ്‌ വിട്ടെത്തിയ സിറ്റിങ് എം.പി. റിതേഷ് പാണ്ഡെയാണ് ബി.ജെ.പി. സ്ഥാനാർഥി.

ബ്രാഹ്‌മണ വിഭാഗത്തിന്റെ പ്രതിനിധിയായ റിതേഷ് ബി.ജെ.പി.യുടെ സ്ഥിരം വോട്ടുബാങ്കുകൾ ഉറപ്പിക്കും. ഒപ്പം ദളിത്-മുസ്‌ലിം വോട്ട് ബാങ്കിൽ മായാവതിയുടെ സ്ഥാനാർഥി ഖമർ ഹയാത് വിള്ളൽ വീഴ്ത്തും. ഇതോടെ, പ്രബല പിന്നാക്ക വിഭാഗമായ കുർമി സമുദായ പ്രതിനിധിയായ എസ്.പി. സ്ഥാനാർഥി ലാൽജിവർമ പ്രയാസപ്പെടും.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ജയിലിൽനിന്നുള്ള മടങ്ങിവരവും ചൂടുള്ള രാഷ്ട്രീയചർച്ചയായി നിലനിൽക്കുന്ന ഡൽഹിയിലെ ഏഴ് സീറ്റുകളും 2014 മുതൽ ബി.ജെ.പി.യുടെ കൈവശമാണ്. കെജ്‌രിവാളിന്റെ താത്‌കാലിക ജാമ്യംസൃഷ്ടിച്ച ആവേശത്തിന്റെ തണലിൽ മണ്ഡലങ്ങളിൽ ആപ് കഠിനാധ്വാനം നടത്തിയിട്ടുണ്ട്. 

കോൺഗ്രസുമായി കൈകോർത്തുള്ള മത്സരത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇരുപാർട്ടികളും തമ്മിലുള്ള യോജിപ്പ് എളുപ്പമായിരുന്നില്ല. എന്നാൽ, കെജ്‌രിവാളിന്റെ മടക്കം ഇന്ത്യസഖ്യത്തെ ശക്തമാക്കി. സ്വാതി മലിവാൾ തുറന്നുവിട്ട ആരോപണപരമ്പര ആപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ബി.ജെ.പി. വിഷയം ഏറ്റെടുത്ത് പ്രചാരണവിഷയമാക്കി. കനയ്യകുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ്, മുൻ എം.പി. ജെ.പി. അഗർവാൾ മത്സരിക്കുന്ന ചാന്ദ്‌നി ചൗക്, മുൻമന്ത്രി സോംനാഥ് ഭാരതി മത്സരിക്കുന്ന ന്യൂഡൽഹി എന്നിവയിൽ ഇന്ത്യസഖ്യത്തിന് പ്രതീക്ഷയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !