കണ്ണൂര്‍: അന്നൂരിൽ നടന്ന കൊലപാതകത്തിൽ അക്ഷരാർഥത്തിൽ നടുങ്ങിയത് വീട്ടുടമ ബെറ്റി ജോസഫ്. കുടുംബസമേതം വിനോദയാത്ര പോകുമ്പോൾ വീട് നോക്കാനും വളർത്തുനായകൾക്ക് ഭക്ഷണം നൽകാനും സുഹൃത്തിനെ ഏൽപ്പിച്ചതായിരുന്നു.
അത് ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ബെറ്റി ജോസഫ് പ്രതീക്ഷിച്ചില്ല.ഒരുപരിചയവുമില്ലാത്ത ഒരു സ്ത്രീ വീട്ടിൽ കൊലചെയ്യപ്പെട്ടതിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബെറ്റിയുടെ കുടുംബമാകെ.വിമുക്തഭടന്മാരുടെ സംഘടന സംഘടിപ്പിച്ച കപ്പൽയാത്രയ്ക്കാണ് അദ്ദേഹവും കുടുംബവും പോയത്. ഞായറാഴ്ച യാത്രാസംഘത്തോടൊപ്പം മുംബൈയിലാണുള്ളത്. ഉടൻ നാട്ടിലേക്ക് തിരിക്കും.ബെറ്റി ജോസഫ് നേരത്തേ ഷിജുവിന്റെ വീട്ടിനടുത്ത് ഇരൂളിൽ താമസിച്ചിരുന്നു.
പിന്നീടാണ് അന്നൂരിൽ വീടെടുത്ത് താമസം മാറ്റിയത്. ബെറ്റി തുടർച്ചയായി വിളിച്ചിട്ടും ഷിജുവിനെ കിട്ടിയില്ല. ഇതിനെത്തുടർന്ന് അയൽക്കാരോട് വീട്ടിലൊന്ന് ശ്രദ്ധിക്കാൻ പറയുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്നും പട്ടികളുടെ അസാധാരണമായ ബഹളം സമീപവാസികൾ കേട്ടതായും വെള്ളിയാഴ്ച ഷിജുവിനെ വീട്ടിൽ കണ്ടതായും സമീപവാസികൾ പറഞ്ഞു.
എന്നാൽ ശനിയാഴ്ച ആരെയും കണ്ടില്ല. ഞായറാഴ്ച പുലർച്ചെ അയൽക്കാർ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്.അവർ ഉടൻ പോലീസിൽ വിവരമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.
സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി.
ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയും പല പ്രശ്നങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തിൽനിന്ന് പിന്മാറാൻ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.
ഷിജുവിന്റെ സഹോദരൻ ശൈലേന്ദ്രപ്രസാദ് റബ്ബർ ടാപ്പിങ്ങിന് പോയ സമയത്താണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഷിജുവിനെ കണ്ടത്.
പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലും അനിലയെ കാണാനില്ലെന്ന പരാതിയിൽ പെരിങ്ങോം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദ് പറഞ്ഞു.
പയ്യന്നൂർ സി.ഐ. ജീവൻ ജോർജ്, എസ്.ഐ.മാരായ മഹേഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.