തൊടുപുഴ : നിർധനനായിരുന്നെങ്കിലും സുനില്‍കുമാറിന്റെ ഹൃദയം സഹജീവികളോടുള്ള സ്നേഹംകൊണ്ട് സമ്പന്നമായിരുന്നു.
അതുകൊണ്ടാണ് മരണശേഷവും അദ്ദേഹത്തിന് അഞ്ച് മനുഷ്യർക്ക് പുതുജീവനും വെളിച്ചവും പകരാൻ നിമിത്തമാകുന്നത്.തലച്ചോറിലെ അണുബാധയെത്തുടർന്ന് മരിച്ച കരിങ്കുന്നം അരീക്കല്‍ എ.കെ.സുനില്‍കുമാറിന്റെ (45) രണ്ടു കണ്ണും രണ്ട് വൃക്കയും കരളുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനംചെയ്യുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തി. ശസ്ത്രക്രിയ രാത്രി വൈകിയാണ് പൂർത്തിയായത്. അവയവങ്ങള്‍ കോട്ടയത്തെയും എറണാകുളത്തെയും മൂന്ന് ആശുപത്രികളിലുള്ള അഞ്ച് രോഗികള്‍ക്ക് പുതുജീവനേകും.
പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്ന ജോലിചെയ്തിരുന്ന സുനില്‍കുമാറിന് ചെവിയിലാണ് ആദ്യം അണുബാധയുണ്ടായത്. ഇത് പിന്നീട് തലച്ചോറിലേക്ക് ബാധിച്ചു.
തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരം ആർഷവിദ്യാ സമാജം ആശ്രമവുമൊക്കെയാണ് സഹായിച്ചത്.
ശസ്ത്രക്രിയ വിജയകരമാകുകയും തുടർചികിത്സയ്ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം ഹൃദയാഘാതവും ശ്വാസകോശാഘാതവും ഉണ്ടായി. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം സുനില്‍കുമാർ പലപ്പോഴും സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുമായിരുന്നു. ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ എല്ലാവരും ഒത്തുചേർന്ന് മൃതസഞ്ജീവനിയില്‍ വിവരം അറിയിക്കുകയായിരുന്നു.
സുനില്‍കുമാർ അവിവാഹിതനാണ്. പരേതനായ കൃഷ്ണനാണ് അച്ഛൻ. അമ്മ: കുമാരി. സഹോദരങ്ങള്‍: അനില്‍കുമാർ, പരേതനായ വിമല്‍കുമാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.