കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന് വാടക വീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടുമാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.70 വയസ്സായ ഷണ്മുഖന് എന്ന വയോധികനാണ് വീടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടായത്.
രോഗിയായ പിതാവിനെ തനിച്ചാക്കി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷണ്മുഖന്റെ മകന് അജിത്ത് വാടക വീട് ഒഴിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഷണ്മുഖനെ സഹോദരന്റെ വീട്ടിലേയ്ക്ക് മാറ്റി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം (എം.ഡബ്യു.പി.എസ്.സി. ആക്ട് 2007) മകനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
വൈറ്റില സ്വദേശി ഷണ്മുഖന് അപകടത്തില്‍പെട്ട് കിടപ്പിലായതാണ്. മൂന്ന് മാസമായി മകന് അജിത്തിനൊപ്പം ഈ വാടകവീട്ടിലാണ്.. മാസങ്ങളായി വാടക കുടിശ്ശികയാണ്. വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി അയല്‍ക്കാര്‍ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥന് അറിയുന്നത്. കൗണ്‍സിലറുടെ പരാതിയില്‍ മകന് അജിത്തിനെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.