കാണ്‍പൂർ: പണം നല്‍കാത്തതിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മർദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്നനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവർ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇവർക്ക് ഒത്താശ ചെയ്തവരെയും ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രില്‍ ഇരുപതിനായിരുന്നു സംഭവം നടന്നത്.നഗരത്തിലെ കകാഡിയോ ഏരിയയിലെ നീറ്റ് പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളായിരുന്നു ഇരയും പ്രതികളും സെന്ററിന് സമീപത്തുള്ള ഒരു ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്.
മർദ്ദനമേറ്റ കുട്ടി അറസ്റ്റിലായ രണ്ടുപേരില്‍ നിന്ന് ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനായി ഇരുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിന്റെ പേരിലായിരുന്നു കൊടുംക്രൂരത എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ കടം വാങ്ങിയത് ശരിയാണെന്നും ജോലി കിട്ടിയശേഷം തിരികെ നല്‍കാമെന്നാണ് പറഞ്ഞതെന്നുമാണ് മർദ്ദനമേറ്റ കുട്ടി പറയുന്നത്. പീഡനത്തിനിടെ കൈകൂപ്പിക്കൊണ്ട് ഇത് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതൊന്നും കേട്ടതായിപ്പോലും നടിക്കാതെയായിരുന്നു ക്രൂരപീഡനം..
മർദ്ദനമേറ്റ് അവശനായതോടെ പ്രതികള്‍ കുട്ടിയെ വിട്ടയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കിട്ടാതെ വന്നതോടെയാണ് പ്രതികള്‍ വീഡിയോ പുറത്തുവിട്ടത്.
പീഡിപ്പിക്കാൻ നേതൃത്വം നല്‍കിയ തനായ് ചൗരസ്യ, അഭിഷേക് വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർ ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ശേഷിക്കുന്നവരെ ഉടൻ അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.