വാരാണസി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വാരാണസി മണ്ഡലത്തില്‍ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് എക്സിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഗംഗാനദി വൃത്തിയാക്കാനായി മോദി അവതരിപ്പിച്ച 'നമാമി ഗംഗ' പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നത്. 'ഇരുപതിനായിരം കോടി രൂപ ചെലവഴിച്ചിട്ടും ഗംഗ എന്തുകൊണ്ടാണ് കൂടുതല്‍ മലിനമാകുന്നത്?' -ജയ്റാം രമേശ് ചോദിച്ചു.വാരാണസിയിലേക്ക് 2014-ല്‍ വന്നപ്പോള്‍ 'ഗംഗാ മാതാവ് എന്നെ വിളിച്ചു' എന്നാണ് മോദി പറഞ്ഞത്. ഗംഗാനദിയിലെ ജലം ശുദ്ധമാക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ഉടൻ മോദി, നിലവിലുണ്ടായിരുന്ന ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ പേര് 'നമാമി ഗംഗ' എന്നാക്കി മാറ്റുകയാണ് ചെയ്തത്.'
'പത്ത് വർഷത്തിനിപ്പുറം നമാമി ഗംഗ പദ്ധതിക്കായി ഖജനാവില്‍ നിന്ന് 20,000 കോടി രൂപയിലേറെയാണ് ചെലവഴിച്ചത്. അതിന്റെ ഫലം ഇതാണ്: മലിനീകരിക്കപ്പെട്ട നദീതടങ്ങളുടെ എണ്ണം 51-ല്‍ നിന്ന് 66 ആയി ഉയർന്നു. അപകടകാരികളായ ബാക്ടീരിയ ഉള്ളതായി 71 ശതമാനം മോണിറ്ററിങ് സ്റ്റേഷനുകളും റിപ്പോർട്ട് ചെയ്തു.
അത് സുരക്ഷിതമായ അളവിനേക്കാള്‍ 40 മടങ്ങ് കൂടുതലാണ്. കൂടാതെ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നബാക്ടീരിയയുടെ സാന്നിധ്യവും ഇപ്പോഴുണ്ട്. നികുതിദായകരുടെ ആ 20,000 കോടി രൂപ എവിടെ പോയി? അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും എത്ര രൂപ തട്ടിയെടുത്തു? ഗംഗാമാതാവിനോട് പോലും നുണ പറഞ്ഞ ഒരാളെ വാരാണസിയിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും?' -ജയ്റാം രമേശ് ചോദിച്ചു.
വാരാണസി മണ്ഡലത്തില്‍ മോദി 'ദത്തെടുത്ത' എട്ട് ഗ്രാമങ്ങളെ കുറിച്ചും ജയ്റാം രമേശ് ചോദ്യങ്ങളുന്നയിച്ചു. 'മോദിയാല്‍ ദത്തെടുക്കപ്പെട്ടു എന്ന ദൗർഭാഗ്യമുള്ള എട്ട് ഗ്രാമങ്ങള്‍ വാരാണസി നഗരത്തിന് പുറത്തുണ്ട്.
സ്മാർട്ട് സ്കൂളുകള്‍, മികച്ച ആരോഗ്യസംവിധാനങ്ങള്‍, വീടുകള്‍ എന്നീ വലിയ വാഗ്ദാനങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും പത്ത് വർഷത്തിനിപ്പുറം ഈ ഗ്രാമങ്ങളില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് 2024 മാർച്ചിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.' -ജയ്റാം രമേശ് ആരോപിച്ചു.
'ഗോഡ്സെയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന മോദി, നമ്മുടെ രാഷ്ട്രപിതാവിനോടുള്ള വിദ്വേഷം തീർക്കാനായി ആചാര്യ വിനോഭ ഭാവെ ആരംഭിച്ച സർവ സേവാ സംഘിനെ നശിപ്പിക്കുന്ന തലത്തിലേക്ക് വരെ എത്തി' - ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഉത്തർപ്രദേശ് പി.സി.സി. അധ്യക്ഷൻ അജയ് റായ് ആണ് വാരാണസിയില്‍ നരേന്ദ്ര മോദിയുടെ പ്രധാന എതിരാളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.