തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയില്‍നിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റില്‍.
പേരൂർക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പോലീസ് പിടികൂടിയത്.മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാള്‍ തട്ടിയെടുത്ത്. കണ്ണൻതന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്.
സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്.
ഇതില്‍ എഫ്.ജി. 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നുപറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെനല്‍കി.
അതേസമയം അടുത്തുണ്ടായിരുന്ന ഒരു കച്ചവടക്കാരൻ ടിക്കറ്റ് നമ്പർ ഒന്നാംസ്ഥാനം ലഭിച്ചതല്ലേയെന്ന് സുകുമാരിയമ്മയോട് സംശയവും പ്രകടിപ്പിച്ചിരുന്നു.
തനിക്ക് ലോട്ടറിയടിച്ചെന്നും ഇത് എടുത്തയാള്‍ പണമില്ലാത്തതിനാല്‍ തിരികെ നല്‍കിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. ലോട്ടറി ലഭിച്ചതിന് സുഹൃത്തുക്കള്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. വഴിയോരക്കച്ചവടക്കാർ വഴി വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പോലീസില്‍ പരാതിനല്‍കി.
ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പില്‍ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുസംബന്ധിച്ച് പോലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.