കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദ്ദീന്(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ വാട്ടര്‍മീറ്ററാണ് മോഷ്ടിച്ചത്. പെട്ടി ഓട്ടോയില്‍ വന്ന ഇവര്‍ വീടിന്റെ പരിസരം വീക്ഷിച്ചതിനു ശേഷം ആളില്ലെന്ന് മനസ്സിലാക്കി ഗേറ്റ് തുറന്ന് ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചു ചാക്കില്‍ ആക്കി വേഗത്തില്‍ വാഹനം ഓടിച്ചു പോയി. ഈ സമയം വീട്ടിലേക്ക് എത്തിയ സുരേഷിന്റെ മകന് സംശയം തോന്നുകയും വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് ഓട്ടോ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മീറ്റര്‍ ചാക്കില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് പൂയപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാസങ്ങളായി പ്രദേശത്ത് പല വീടുകളില്‍ നിന്നും മീറ്റര്‍ മോഷണം പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ പത്തോളം പരാതികള്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
വെളിനല്ലൂരിലും പരിസരപ്രദേശവും കേന്ദ്രീകരിച്ച് മീറ്റര്‍ മോഷ്ടിച്ച് അതിന്റെ പിന്നിലെ ചെമ്പ് ഇളക്കി വില്‍ക്കുകയാണ് ഇവരുടെ പതിവ്. സൗപര്‍ണ്ണികയില്‍ സുരേഷ് കുമാര്‍, ചന്ദ്ര ഭവനില്‍ സുമംഗല, അരുണോദയത്തില്‍ അജിത്ത് തുടങ്ങി നിരവധി പേരുടെ വീടുകളില്‍ നിന്ന്് മീറ്റര്‍ മോഷണം പോയിട്ടുണ്ട്. സ്റ്റേഷനില്‍ പരാതി നല്കാത്തവരുടെ എണ്ണം ഇതിലും കൂടുതല്‍ ആണ്.
എസ് ഐമാരായ രജനീഷ്, ചന്ദ്രകുമാര്‍, ബിനു വര്‍ഗീസ്, ASI രാജേഷ്, സിപിഒമാരായ ബിനീഷ്, മധു, അന്‍വര്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.