തെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചതിന് പിന്നാലെ രാജ്യ ഭരണം താല്‍ക്കാലികമായി വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബർ (69) ഏറ്റെടുത്തതായി റിപ്പോർട്ട്.
പരമോന്നത നേതാവായ അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള, രാഷ്ട്രീയത്തില്‍ പരിചയസമ്പന്നനായ വ്യക്തിയാണ് മൊഖ്‌ബർ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷനായ സെറ്റാഡിന്റെ മുൻ തലവൻ കൂടിയാണ് അദ്ദേഹം. അന്താരാഷ്‌ട്ര നിയമത്തിലും മാനേജ്‌മെന്റിലും അഡ്വാൻസ്‌ഡ് ഡിഗ്രിയും മൊഖ്‌ബർ നേടിയിട്ടുണ്ട്.വരുന്ന 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മൊഖ്ബർ, പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് ഗൊല്ലംഹുസൈൻ മൊഹ്‌സെനി ഈഷെ എന്നിവരടങ്ങുന്ന കൗണ്‍സിലിന് നിർദേശം നല്‍കിയിട്ടുണ്ട്. പരമോന്നത നേതാവായ ഖമേനിയാണ് പുതിയ പ്രസിഡന്റിന് അംഗീകാരം നല്‍കേണ്ടത്.
1955 സെപ്‌തംബർ ഒന്നിനാണ് മുഹമ്മദ് മൊഖ്‌ബർ ജനിച്ചത്. ഇറാന്റെ രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളില്‍ വളരെയധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. 2021ല്‍ റൈസി പ്രസിഡന്റായപ്പോള്‍ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ ചുമതലയേറ്റു. 2010ല്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവർത്തനങ്ങളില്‍ പങ്കാളിയാണെന്ന് ആരോപിച്ച് യൂറോപ്യൻ യൂണിയൻ അദ്ദേഹത്തെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാൻ പ്രസിഡന്റിന്റെ മരണത്തില്‍ അനുശോചിച്ച് മോദി
ഇറാൻ പ്രസിഡന്റിന്റെ മരണത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചിരുന്നു. ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ.
ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ ദുരിത സമയത്ത് ഞങ്ങള്‍ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ കുറിച്ചത്.
ഇന്നലെയുണ്ടായ ഹെലികോപ്‌ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ആമിർ ഹുസൈനും മരണപ്പെട്ടത്. ഇറാൻ മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
12 മണിക്കൂർ നീണ്ട ശ്രമത്തിലൂടെ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. ചില മൃതദേഹങ്ങള്‍ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും ആരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നുമാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.