കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സിബിഐ. സമൂഹവിചാരണയ്ക്കു വിധേയനാക്കി.
സിദ്ധാർഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും കാണാൻ മറ്റു വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി. മർദ്ദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു.
ഡോർമിറ്ററിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. അപമാനിക്കലും മർദനവും സിദ്ധാർത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേൽപ്പിച്ചു. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കുറ്റവിചാരണ നടത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ച്ചയായി മര്‍ദനമേറ്റ സിദ്ധാര്‍ത്ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളായ അഖിൽ, കാശിനാഥൻ, അമീൻ അക്ബറലി, അരുൺ, സിൻജോ ജോൺസൺ, ആസിഫ് ഖാൻ, അമൽ ഇഹ്സാൻ, അജയ്, അൽത്താഫ്, സൗദ് റിസാൽ, ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, ആകാശ്, അഭിഷേക്, ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ താന്നിക്കോട്, നസീഫ്
എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകൾ, റാഗിങ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.