മേലുകാവ് ഇടമറുകിൽ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം.. ഏഴു വീടുകൾക്ക് കേട് പാടുകൾ.. വലിയ രീതിയിൽ കൃഷി നാശവും സംഭവിച്ചതായി വിലയിരുത്തൽ

കോട്ടയം: ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് രാവിലെ മുതൽ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാർ ഉൾപ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. 

മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തലനാടും ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. 

മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു. ഇതോടെ മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികൾ ഉച്ചയോടെ നിറഞ്ഞു.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. നരിമറ്റം ചോവൂർ ഇലവുമ്പാറ റോഡ് തകർന്നു. പിണക്കാട്ട് കുട്ടിച്ചന്റെ ആടുകൾ മണ്ണിടിച്ചിലിൽപ്പെട്ടു. ഒരു ആടിനെ ചത്ത നിലയിൽ കണ്ടെത്തി. കല്ലേപുരയ്ക്കൽ ജോമോൻ, ജോർജ് പീറ്റർ, മൂത്തനാനിക്കൽ മനോജ് എന്നിവരുടെ പുരയിടത്തിലും വ്യാപക കൃഷി നാശം ഉണ്ടായി. 

തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചിലുണ്ടായി.വാഗമൺ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തിൽനിന്ന് കല്ലും മണ്ണും വൻതോതിൽ റോഡിലേയ്‌ക്കെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

മാർമല അരുവിയിൽ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുവിയുടെ ഭാഗത്തേയ്ക്ക് പോകാൻപോലും സാധിക്കാത്ത തരത്തിൽ വെള്ളച്ചാട്ടമായി മാറിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. 

പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടവും ശക്തിപ്രാപിച്ചു. ഇവിടേയ്ക്കുള്ള വഴിയിലെ പാലത്തിൽ വെള്ളംകയറി. മൂന്നിലവ് രണ്ടാറ്റുമുന്നിയിലും വാകക്കാട്, മൂന്നിലവ് എന്നിവടങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലം, അമ്പാറ അമ്പലം എന്നിടങ്ങളിൽ റോഡിൽ വെള്ളംകയറി.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു.കനത്ത മഴയില്‍ തീക്കോയി കല്ലത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം മുടങ്ങി. 

വാഗമണ്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തില്‍നിന്ന് കല്ലും മണ്ണും വന്‍തോതില്‍ റോഡിലേയ്ക്ക് പരന്നൊഴുകുകയായിരുന്നു. റോഡിലാകെ കല്ലും മണ്ണും നിരന്ന് കിടക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !