കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് സമാനമായരീതിയില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.
മാങ്കാവില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവാണ് തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. മാങ്കാവ് തളിക്കുളങ്ങര ഈയ്യക്കണ്ടി മുഹമ്മദ് ഷാഫി (36) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ആന്റണി ജോസഫിനെ (35) കസബ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി 8.30-ന് മാങ്കാവിലെ സ്വകാര്യ ലാബിന്റെ കടവരാന്തയിലാണ് സംഭവം. പരിക്കേറ്റ ഉടനെ മുഹമ്മദ് ഷാഫിയെ മാങ്കാവ് സ്വദേശി കെ. ഫുഹാദ് സെനിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ബലപ്രയോഗത്തിലൂടെയാണ് ആന്റണി ജോസഫിനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ അലഞ്ഞുതിരിഞ്ഞ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ താമസിക്കുകയാണ് ചെയ്യാറുള്ളത്. മദ്യപിച്ചശേഷം ആന്റണി ജോസഫ്, ഷാഫിയെ അക്രമിക്കുകയായിരുന്നെന്ന് കസബ പോലീസ് പറഞ്ഞു.
കസബ ഇന്‍സ്പെക്ടര്‍ എം. രാജേഷ്, വിരലടയാള വിദഗ്ധ എ.വി. ശ്രീജയ എന്നിവര്‍ തെളിവെടുപ്പ് നടത്തി. പരേതരായ ഇ.കെ. ഹസന്റെയും ആയിഷാബിയുടെയും മകനാണ് മുഹമ്മദ് ഷാഫി. സഹോദരങ്ങള്‍: സമദ്, ശരീഫ്, സാബിത, ഫാസില. കബറടക്കം ചൊവ്വാഴ്ച ശാദുലി ജുമുഅത് പള്ളിയില്‍.
റെയില്‍വേ സ്റ്റേഷനുസമീപം റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ആളെയും കല്ലുകൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമം നടന്നു. പരിക്കേറ്റ പൊന്നാനി സ്വദേശി മാളിയേക്കല്‍ എം. സിദ്ദിഖ് (49) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി മുഹമ്മദ് റിസ്വാന് (31) അറസ്റ്റിലായി.
തിങ്കളാഴ്ച രാവിലെ 10-ന് ആയിരുന്നു സംഭവം. ആര്.എം.എസ്. ഓഫീസിന് സമീപത്തുള്ള പാതയോരത്തുനിന്ന് കല്ലെടുത്ത് മുഹമ്മദ് റിസ്വാന് സിദ്ദിഖിന്റെ തലയ്ക്കിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ ഇന്‍സ്പെക്ടര്‍ ടി.വി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.