കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനിൽക്കെയാണു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്.
രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണു വിവരം.ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു. ഈ രണ്ട് വിവാഹങ്ങൾ അല്ലാതെ രാഹുൽ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാഹുൽ പി.ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ രാഹുലിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ക്രൂരമായി മർദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. കേസ് റജിസ്റ്റർ ചെയ്തശേഷം രാഹുലിന് നോട്ടിസ് നൽകി പറഞ്ഞുവിടുകയായിരുന്നു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നില്ല. ആരോപണം ഉയർന്നതിനെത്തുടർന്ന് ഇന്നലെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. മർദനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടിയെ രാഹുൽ മർദിച്ചത്.
അതേസമയം, രാഹുലിനു മുൻപ് രണ്ട് വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നെന്നും സ്വഭാവദൂഷ്യം കാരണം പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ പന്തീരങ്കാവിൽ ക്രൂരമായി ആക്രമിക്കപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു.
രാഹുൽ വിവാഹ തട്ടിപ്പുകാരനാണെന്നും അദ്ദേഹം ആരോപിച്ചു. മുടങ്ങിപ്പോയ രണ്ട് വിവാഹാലോചനകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും തങ്ങള്‍ ചെല്ലുന്നതിനു
മുൻപേ രാഹുലും കൂട്ടുകാരും അവിടെയെത്തിയിരുന്നുവെന്നും പറയുന്നു. പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. കേസ് എറണാകുളത്തേക്കു മാറ്റണം. നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു.
മകള്‍ക്ക് തലയ്ക്കാണു പരുക്കേറ്റത്. ബ്രഷ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ആഘാതത്തില്‍നിന്ന് ഇനിയും കരകയറാനായിട്ടില്ലെന്നും പിതാവ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.