കൊല്ലം: പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്.
പതിനൊന്നുദിവസം മുൻപ് ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തിൽ ഗോപികയെ മരണം തേടിയെത്തുകയായിരുന്നു.
പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിൽ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്.
പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്.കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾ തുടരാനായി നാട്ടിലെത്തുകയായിരുന്നു.വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.