രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക് വെൽഡിങ് മെഷിനിൽനിന്ന് തീപ്പൊരി തെറിച്ചുവീണ് അഗ്നിബാധയുണ്ടാകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലുടെ ഇതിന് വ്യക്തത ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള 3000-ത്തിൽ അധികം ലിറ്റർ ഡീസലും പെട്രോളും ഗെയിമിങ് കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
ഇതിലേക്കാണ് തീപ്പൊരി വീഴുന്നത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ പ്രത്യേക സംഘത്തോട് ഗുജറാത്ത് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്.
നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് കേന്ദ്രത്തിലെത്തിയ കുട്ടികളായിരുന്നു അപകടത്തിൽപെട്ടവരിലേറെയും. വാരാന്ത്യമായതുകൊണ്ട് ഗെയിമിങ് കേന്ദ്രത്തിൽ ഓഫറും ഏർപ്പെടുത്തിയിരുന്നു.
ടിക്കറ്റിന് 99 രൂപയായിരുന്നു നിരക്ക്. അതുകൊണ്ട് തന്നെ അവധിയാഘോഷിക്കാൻ ഒട്ടേറെപ്പേരാണ് കുട്ടികൾക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഗെയിമിങ്ങിനായി നിർമിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമരുകായായിരുന്നു. ശക്തമായ കാറ്റുവീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
ഗെയിമിങ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഏഴ് അടി മാത്രം ഉയരത്തിലുള്ള ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗെയിമിങ് കേന്ദ്രത്തിന് മതിയായ ലൈസൻസ് ഇല്ലാതെയൊണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സോളങ്കിയുടെ പേരിൽ പോലീസ് കേസും എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.