കൊച്ചി: രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ഏജന്റിനെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെ സേലത്ത് എത്തി.
അവയവക്കടത്ത് കേസിലെ ഇരയെന്നു കരുതുന്ന ഷമീറിനെ തേടി ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു മറ്റൊരു സംഘം സേലത്തേക്കു തിരിച്ചത്. അവയവക്കച്ചവട ആരോപണത്തിൽ സേലത്തെ 3 ആശുപത്രികൾ കേന്ദ്രീകരിച്ചു 2015ൽ തന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.അവയവ കൈമാറ്റ രംഗത്തെ തെറ്റായ പ്രവണതകൾ തടയാനുള്ള ‘ട്രാൻസ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട്’ (ട്രാൻസ്റ്റാൻ) എന്ന തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
2015 ൽ തമിഴ്നാട്ടിലെ മുൻനിര സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും അവരുടെ അവയവ കൈമാറ്റങ്ങളുമാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ആശുപത്രികളുടെ പരിസരങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ റോഡപകടങ്ങൾ പെരുകിയതും ഇവരിൽ പലർക്കും ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്തതും വലിയ വാർത്തയായിരുന്നു.
ഇത്തരത്തിൽ മരിക്കുന്നവരുടെ അവയവങ്ങൾ സർക്കാരിന്റെ പട്ടികയിലുള്ള രോഗികളായ സ്വീകർത്താക്കൾക്കു ലഭിക്കുന്നില്ലെന്നായിരുന്നു തമിഴ്നാട് സർക്കാരിനു ലഭിച്ച പരാതി.
ആരോപണ വിധേയമായ 3 ആശുപത്രികളിൽ സർക്കാരിന്റെ മുൻഗണനാ പട്ടിക മറികടന്ന് അവയവങ്ങൾ വിദേശികൾക്കു വിൽക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.