തിരുവനന്തപുരം: രാജ്യസഭാ സീറ്റിനു പകരം സി.പി.എം. വച്ചുനീട്ടിയ ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാന്‍സ്ഥാനം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം).
ഇനി എന്തുവേണമെന്നും പാര്‍ട്ടിയില്‍ ആലോചന തുടങ്ങി. കേരളത്തില്‍നിന്ന് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളും ഇടതുമുന്നണിയുടേതാണെങ്കിലും രണ്ടു സീറ്റില്‍മാത്രമേ ജയിക്കാന്‍ കഴിയൂ. സി.പി.ഐ. തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണിയുടെ സീറ്റ് അവര്‍ക്കു നഷ്ടപ്പെടാനാണ് സാധ്യത. സീറ്റ് സി.പി.എം. ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. മറ്റു സ്ഥാനങ്ങള്‍ നല്കി മാണി ഗ്രൂപ്പിനെ അനുനയിപ്പിച്ച് സീറ്റ് സ്വന്തമാക്കാമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ഈ ലക്ഷ്യത്തിലാണ് ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാന്‍സ്ഥാനം വാഗ്ദാനം ചെയ്തത്. വാഗ്ദാനം തട്ടിപ്പാണെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. 2027ല്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നു പറയുന്നതും മാണിഗ്രൂപ്പ് വിശ്വസിക്കുന്നില്ല. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുമെന്നും അന്നത്തെ സാഹചര്യം ഇപ്പോള്‍ മുന്‍കൂട്ടി പറയാനാകില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.
ഇക്കുറി രാജ്യസഭാ സീറ്റിനുവേണ്ടി ശക്തമായ നിലപാടെടുക്കണമെന്നാണ് ജോസ് കെ. മാണിയുമായി അടുത്തുനില്ക്കുന്നവരുടെ അഭിപ്രായം. കേന്ദ്രത്തില്‍ എന്‍.ഡി.എ. വീണ്ടും അധികാരത്തിലെത്തില്ലെന്നു മാണിഗ്രൂപ്പ് വിലയിരുത്തുന്നു. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ജോസ് കെ. മാണിക്കു മന്ത്രിസഭയില്‍ അംഗമാകാനാകും.
അതാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിനു പിന്നില്‍. രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുവേണം എന്നതിനെക്കുറിച്ചും മാണിഗ്രൂപ്പില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ തുടരുന്നതില്‍ പാര്‍ട്ടിയില്‍ ചിലര്‍ക്കു വിയോജിപ്പുണ്ട്.
രാജ്യസഭാ സീറ്റ് കൂടി നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തല്ക്കാലം എടുത്തുചാടി കടുത്ത നടപടികളിലേക്കു പോകേണ്ടതില്ലെന്നാണ് മാണി ഗ്രൂപ്പിലെ പൊതുവികാരം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനമെടുക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു.
അതേസമയം, മാണിഗ്രൂപ്പിനെ മടക്കിക്കൊണ്ടുവരാനുള്ള ശക്തമായ പരിശ്രമത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തു തിരിച്ചടിയുണ്ടായാല്‍ ജോസ് കെ. മാണി മാറിചിന്തിക്കാന്‍ നിര്‍ബന്ധിതനാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. അതുകൊണ്ടുതന്നെ അങ്ങോട്ടുപോയി ക്ഷണിക്കേണ്ടതില്ലെന്നു യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.