മടിക്കേരി: കുടകിലെ സോമവാര്‍പേട്ടയില്‍ 16-കാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
സോമവാര്‍പേട്ട താലൂക്ക് സുര്‍ലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു.
പ്രതിക്കൊപ്പം പരിശോധന നടത്തിയ പോലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍നിന്ന് അറുത്തെടുത്ത തല കണ്ടെത്തി.
ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി.
വിവാഹം മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതിനാല്‍ത്തന്നെ പ്രതി വീണ്ടും ഇവിടെയെത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് ശനിയാഴ്ച പുലര്‍ച്ചെയോടെ പിടികൂടിയത്.
പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ ദ്യശ്യമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വാര്‍ത്ത പരന്നതും പോലീസ് ഇത് നിഷേധിക്കാതിരുന്നതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പ്രതിയുടെ വീടിനുസമീപം കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടിയെടുക്കുമെന്ന് പോലീസ് സുപ്രണ്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.