ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു വ്യക്തമാക്കി അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ‘‘തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും.
ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019ലേതിനു സമാനമായിരിക്കും ഞങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തും’’ – അദ്ദേഹം വ്യക്തമാക്കി.പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സംവരണ വ്യവസ്ഥകൾ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഭരണഘടന ഭേദഗതി ചെയ്യാൻ തക്ക ശക്തി പാർലമെന്റിൽ എൻഡിഎയ്ക്കുണ്ട്. എന്നാൽ ബിജെപി ഒരിക്കലും അതിനു മുതിർന്നിട്ടില്ല.
ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സങ്കൽപ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്‌ലിംകൾക്ക് സംവരണം നൽകിയത്.ഏക സിവിൽ കോഡ് കേന്ദ്രത്തിന്റെ വലിയ തീരുമാനം ആയിരുന്നു. മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയവയും. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോൺഗ്രസ് വർഷങ്ങളായി ക്ഷേത്രനിർമാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു.
മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവർ കണ്ടു. എന്നാൽ കോൺഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വന്നില്ല. അവരുടെ വോട്ടുപ്രതീക്ഷകളെ അതു ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദർശിക്കുന്ന പാർട്ടി നേതാക്കന്മാരെയും അണികളെയും അവർ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്.
ഏക സിവിൽ കോഡ് എന്നത് ബിജെപിയുടെ അജൻഡയല്ല. അതു ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ അതു നടപ്പാക്കുമെന്നാണ് സങ്കൽപ്പ് പത്രയിൽ ഞങ്ങൾ പറയുന്നത്. വലിയ സാമൂഹിക പരിഷ്കരണമാണ് ഏക സിവിൽ കോഡ്.അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കും.
തിരഞ്ഞെടുപ്പെല്ലാം ഒരുമിച്ചാക്കും എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തുകയേ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതെങ്ങനെയാണ് നടക്കാതിരിക്കുക? ഞങ്ങൾ ഇന്ദിരാ ഗാന്ധിയല്ല. അവരാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ കാലാവധി കൂട്ടിയത് അവരാണ്.
1.35 ലക്ഷം ജനങ്ങളെ ഒരു കാരണവുമില്ലാതെ 19 മാസം ജയിലിൽ അടച്ചത് അവരാണ്, രാഹുൽ ഗാന്ധിയുടെ മുത്തശ്ശി. കോൺഗ്രസിന്റെ പ്രസിഡന്റും അവരായിരുന്നു. അടിക്കടി തിരഞ്ഞെടുപ്പ് നടത്തി കൂടുതൽ തുക ചെലവഴിക്കുന്നതിനോട് താൽപര്യമില്ല’’ – അമിത് ഷാ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.