എറണാകുളം:എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികൾക്ക് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച വിജയം എന്നുള്ള വാർത്തകൾ നമ്മെയെല്ലാം ഏറെ ദുഃഖിപ്പിക്കുന്നു.
കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരീക്ഷാഫലങ്ങള്‍.വിജയികള്‍ നൂറു ശതമാന കണക്ക് ഉറക്കെ വിളിച്ചു പറയുമ്പോള്‍ തോല്‍വിയുടെ ആഘാതം താങ്ങാനാവാതെ പൊലിഞ്ഞുപോകുന്ന വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ വിരല്‍ചൂണ്ടുന്നത് നാം ഒരോരുത്തരിലേക്കുമാണ്. പരീക്ഷകളുടെ സമ്മർദ്ദം മറികടക്കാനുള്ള സിലബസ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം.കേരളത്തിൽ പരീക്ഷാപ്പേടി മൂലം നടക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് വർദ്ധിക്കുകയാണ്. പരീക്ഷ എന്നത് സ്വയം കണ്ടെത്താനുള്ള വഴി മാത്രമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റാല്‍ മാനം ഇടിഞ്ഞു വീഴില്ലെന്നു ശരാശരി വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ ആശ്വസിപ്പിക്കണം.വിദ്യാലയത്തിന്റെ സല്‍പേര് കുട്ടികളെ കുരുതികൊടുത്തിട്ടു വേണ്ടെന്നു വിദ്യാലയ നടത്തിപ്പുകാര്‍ കരുതണം. മൂല്യവത്തായ ജീവിതമാണ് ഏറ്റവും പ്രധാനമെന്ന് വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നുണ്ടോ?
വിദ്യാഭ്യാസം കൊണ്ടും സാമൂഹിക സാഹചര്യങ്ങളാലും മുന്നില്‍ നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കുട്ടികളുടെ ആത്മഹത്യ നിരക്ക് ഏവരെയും ഞെട്ടിക്കുന്നതാണ്.
തോറ്റവരെ സമൂഹം അംഗീകരിക്കില്ലെന്നും അവഗണിക്കുമെന്നുമുള്ള ഭയം കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. തല്‍ഫലമായി ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കാന്‍ പ്രേരിതരാകുകയാണ്.
പ്രശ്‌നങ്ങള്‍ നിരവധിയെങ്കിലും കുട്ടികളില്‍ രൂപപ്പെടുന്ന ദുരഭിമാന ബോധം ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുന്നു.ഫുള്‍ മാര്‍ക്ക് കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്ന കുട്ടികളും പരീക്ഷാ ഫലം വരുന്നതിന് മുന്‍പ് പരാജയപ്പെട്ടേക്കും എന്ന ഭയത്താല്‍ ജീവനൊടുക്കുന്ന വിദ്യാര്‍ത്ഥികളും നമുക്കിടയിലുണ്ട്. കുട്ടികളുടെ മനസും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ബാക്കി പത്രമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.
എ പ്ലസ് സംസ്‌കാരം പരീക്ഷയില്‍ വിജയിക്കുക എന്നതിലുപരി ഫുള്‍ മാര്‍ക്ക് നേടണം എന്ന രീതിയിലേക്ക് കുട്ടികളുടെ ചിന്തയെ സ്വാധീനിക്കുന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ കരിയറില്‍ ഏറ്റെടുക്കുന്ന ഈ അമിത ഭാരം ഗുരുതര പ്രശ്‌നമാണ്.മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സമൂഹം തുടങ്ങിയവയുടെ കൂടിച്ചേരലിലാണ് കുട്ടികള്‍ സ്വഭാവം രൂപീകരിക്കുന്നത്.
അതിനാല്‍ പൊലിഞ്ഞു പോകുന്ന ഓരോ ജീവന്റെയും ഉത്തരവാദിത്തം സമൂഹത്തില്‍ നിക്ഷിപ്തമാണ്. തോറ്റവന്റേത് കൂടിയാണ് ലോകമെന്ന വാക്കുകള്‍ പറച്ചില്‍ മാത്രമാക്കാതെ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള അവബോധ ക്ലാസുകള്‍ പരീക്ഷയുടെ മുന്നോടിയായി നിര്‍ത്തുന്ന ശീലമാണ് നിലവില്‍ കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സംവിധാനങ്ങളും അനുവര്‍ത്തിച്ചുവരുന്നത്.
ഈ രീതിയാണ് ആദ്യം വിമര്‍ശിക്കപ്പെടേണ്ടത്. പരാജയപ്പെട്ട വിദ്യാത്ഥികളെ തിരിഞ്ഞു നോക്കാതെ മരണത്തിലേക്ക് തള്ളിവിടുന്ന സംവിധാനം മാറേണ്ടതുണ്ട്. തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തില്‍ ഇടം ഉറപ്പാക്കാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.