കണ്ണൂർ : പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തി(28) നെയാണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് കണ്ടെത്തൽ.
ഖത്തറില്‍ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.
കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു.
മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും പരിസരവാസികളൊന്നും അറിഞ്ഞില്ല.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നെത്തിയാണ് അറസ്റ്റ് ചെയ്തത്. വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.