ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വംനൽകുന്ന എൻഡിഎ മുന്നണി വിജയിച്ചാൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടത്താൻ ആലോചന.
ഡൽഹിയിലെ കർത്തവ്യപഥിൽ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു.ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.എന്നാൽ, നരേന്ദ്ര മോദി തുടർച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തും എന്നാണ് കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലും ബിജെപിയുടെയും പ്രതീക്ഷ.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ മൂന്നാം സത്യപ്രതിജ്ഞ ചരിത്രസംഭവമാക്കിമാറ്റാൻ സർക്കാർ തലത്തിലും പാർട്ടി തലത്തിലും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് രാഷ്‌ട്രപതി ഭവനിലായിരുന്നു. 2014-ൽ മേയ് 26, തിങ്കളാഴ്ചയും 2019-ൽ മേയ് 30 വ്യാഴാഴ്ചയും ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ, രാഷ്‌ട്രപതി ഭവനിൽ സ്ഥലപരിമിതിയുണ്ട്.
കഴിഞ്ഞതവണ സത്യപ്രതിജ്ഞാ ചടങ്ങിൽ 8000 അതിഥികൾക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിച്ചത്. ഇത്തവണ അതിൽ കൂടുതൽപേരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപി തീരുമാനം. ഈ സാഹചര്യത്തിൽക്കൂടിയാണ് ചടങ്ങ് രാഷ്ട്രപതിഭവന് പുറത്തുനടത്താൻ ബിജെപി ആലോചിക്കുന്നത്.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കർത്തവ്യപഥ് നവീകരിച്ചിരുന്നു. ആദ്യ രണ്ട് മോദി സർക്കാരുകളുടെ നേട്ടങ്ങൾ കാണിക്കുന്നതിനും വികസിതഭാരതം എന്ന സന്ദേശം നൽകുന്നതിനും ഉചിതമായ സ്ഥലം എന്നരീതിയിലാണ് കർത്തവ്യപഥ് സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മേയ് 24 കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ചർച്ച നടന്നിരുന്നു.
ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ ഈ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, ഈ യോഗത്തിൽ സത്യപ്രതിജ്ഞാ വേദിയോ തീയതിയോ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും നൽകിയിരുന്നില്ല.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽപേർ ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മാത്രമാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തിരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും അതിന് തയ്യാറെടുക്കാനുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജൂൺ 12-ന് ഇറ്റലിയിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ 13, 14 തീയതികളിലാണ് ഉച്ചകോടി. ഇറ്റലി സന്ദർശനംകൂടി കണക്കിലെടുത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ ഒമ്പതിന് നടത്താൻ ആലോചിക്കുന്നത്.
മന്ത്രിസഭാ വികസനം പ്രധാനമന്ത്രി ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയതിന് ശേഷമേ ഉണ്ടാകൂ എന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.