കണ്ണൂർ: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ റദ്ദാക്കുന്നതു തുടരുന്നു.
കണ്ണൂരിൽനിന്നുള്ള 2 സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.20നുള്ള അബുദാബി വിമാനങ്ങളാണു സർവീസ് നടത്താത്തത്. വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ പറയുന്നു.റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്കു ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിങ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 75 സർവീസുകൾ ഇന്നലെ മുടങ്ങിയിരുന്നു. ഇന്നും 50 സർവീസുകൾ വരെ മുടങ്ങിയേക്കാമെന്നാണു സൂചന.
നാളെയോടെ ഏകദേശം പൂർവസ്ഥിതിയിലേക്കു വരുമെന്നാണു കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, നാളത്തെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തി.ജീവനക്കാരുടെ മിന്നൽ സമരം മൂലം 30 കോടി രൂപ കമ്പനിക്കു നഷ്ടമുണ്ടായതായാണു വിവരം.
ഇതേക്കുറിച്ച് സ്ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു.3 ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്. രോഗാവധിയെടുത്ത ജീവനക്കാർ തിരികെ പ്രവേശിക്കുന്നതിനു മുൻപുള്ള ഫിറ്റ്‍നെസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണു സർവീസുകൾ മുടങ്ങുന്നതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.