കോട്ടയം :സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ കോട്ടയം മുൻ ജില്ലാ വൈസ് പ്രസിഡന്റും, എസ്എഫ്ഐ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.എ.റിബിൻ ഷായെ സിപിഎമ്മിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമാണ് റിബിൻ ഷാ.
രണ്ടു സ്ത്രീകൾ പാർട്ടിക്കു നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് കേസുകൾ ഒന്നും നിലവിൽ ഇല്ലെന്നാണ് സൂചന.പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരമാണ് റിബിൻഷായെ പുറത്താക്കിയത്. ‘ഏരിയ കമ്മിറ്റിക്ക് ലഭിച്ച പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറി.ജില്ലാ കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്.
നിലവിൽ റിബിൻ ഷാ പാർട്ടിയിൽ ഇല്ല’ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി സെക്രട്ടറി കെ രാജേഷ് പറഞ്ഞതായി മലയാളമനോരമ റിപ്പോർട്ട് ചെയ്യുന്നു.ജില്ലാ കമ്മിറ്റിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജുകുട്ടി , ഏരിയ കമ്മിറ്റിയംഗം റജീന റഫീഖ്, മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി.അനിൽകുമാർ എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിഷനാണു റിപ്പോർട്ട് നൽകിയത്.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ട വിശദീകരണത്തിനു തൃപ്തികരമല്ലാത്ത മറുപടിയാണു ലഭിച്ചതെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.
എസ്എഫ്ഐയിലൂടെ സിപിഎമ്മിൽ എത്തിയ റിബിൻ ഷാ മുൻപ് എംജി സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടിലും പാർട്ടി നടപടി നേരിട്ടിരുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
നിലവിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹിയായിരിക്കെയാണു പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.