കൊല്ലം:രാവന്തിയോളം പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും.1886 മേയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിൽ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇതിനെതിരെ രംഗത്തെത്തിയത്.
അവർ സർവ ലോക തൊഴിലാളികൾക്കായി പണിമുടക്കി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്നതായിരുന്നു മുദ്രാവാക്യങ്ങൾ..മേയ് മൂന്നിന് പൊലീസുമായുണ്ടായ സംഘർഷത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടു. പിറ്റേന്ന് ചിക്കാഗോയിലെ ഹേയ് മാർക്കറ്റ് സ്ക്വയറിൽ സമാധാനപരമായി സമ്മേളിച്ച സമരക്കാരിലേക്ക് അമേരിക്കൻ പൊലീസ് ഏജന്റുമാരിൽ ഒരാൾ ബോംബെറിഞ്ഞതോടെ സംഭവം വീണ്ടും ഗുരുതരമാവുകയായിരുന്നു.
ജനക്കൂട്ടത്തിനുനേരെ പൊലീസ് നിറയൊഴിച്ചു. ആറ് തൊഴിലാളികൾ തോക്കിൻമുനയിൽ പിടഞ്ഞുവീണു മരിച്ചു. സമരത്തെ അടിച്ചൊതുക്കാൻ തൊഴിലാളി നേതാക്കൾക്കെതിരെ കേസെടുത്ത് അവരെ ആദ്യം ജയിലിലടച്ചു. പിന്നാലെ പ്രധാന നേതാക്കളെ തൂക്കിലേറ്റി. അപ്പോഴേക്കും സമരം ചിക്കാഗോ നഗരം വിട്ട് കടലും കടന്ന് യൂറോപ്പ് വരെ വ്യാപിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂർ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികൾക്ക് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായില്ല. 1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷനൽ സോഷ്യലിസ്റ്റ് കോൺഫറൻസാണ് എട്ട് മണിക്കൂർ ജോലി സമയമാക്കിയതിൻറെ വാർഷികമായി മേയ് ഒന്നിനെ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്.
എട്ട് മണിക്കൂർ ജോലിയെന്ന അടിസ്ഥാന ആവശ്യം പിന്നീട് പതിയെ തമസ്കരിക്കുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണാൻ കഴിയുക. പ്രായ-ലിംഗ-ഭാഷ-ദേശ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മനുഷ്യ അധ്വാനശക്തിയെ നാനാവിധ ചൂഷണങ്ങൾക്കും വിധേയമാക്കുന്ന ആധുനീകാന്തരകാലത്ത് മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനമായി മാറുകയാണ്, തൊഴിലാളി അവകാശങ്ങൾ ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നതിൻറെ ഓർമ്മപ്പെടുത്തൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.