സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയയിലേക്ക് ചേക്കറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി ഓസ്ട്രേലിയ.
കുടിയേറ്റം തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൂടാതെ സ്റ്റുഡന്റ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ നടപടികൾ കടുപ്പിച്ചത്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് സേവിങ്സ് പരിധി വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ വിസ സേവിങ്സ് തുകയിലെ രണ്ടാമത്തെ വർധനയാണിത്.
മെയ് 10 മുതൽ, വിദ്യാർത്ഥി വിസ ലഭിക്കാൻ കുറഞ്ഞത് 29,710 ഓസ്ട്രേലിയൻ ഡോളർ, ഏകദേശം 16,29,819 ഇന്ത്യൻ രൂപ നിക്ഷേപമുണ്ടെന്ന് വിദ്യാർത്ഥികൾ തെളിയിക്കണം.
കഴിഞ്ഞ ഒക്ടോബറിൽ വിദ്യാർത്ഥി വിസയ്ക്കുള്ള സേവിങ്സ് പരിധി 21,041 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 24,505 ഓസ്ട്രേലിയൻ ഡോളറായി ഉയർത്തിയിരുന്നു.
തട്ടിപ്പുകൾക്ക് പുറമേ കുടിയേറ്റം വർധിച്ചതും വിസാ ചട്ടങ്ങൾ കടുപ്പിക്കാൻ കാരണമായതായാണ് റിപ്പോർട്ടുകൾ. നേരത്തെ സ്റ്റുഡന്റ് വിസ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി IELTS സ്കോർ ഓസ്ട്രേലിയൻ സർക്കാർ വർധിപ്പിച്ചിരുന്നു.
2022 ൽ കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്തതോടെ ഓസ്ട്രേലിയയിൽ അപ്രതീക്ഷിതമായ കുടിയേറ്റം നേരിട്ടു. ഇത് വാടക വീട് ലഭ്യതയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയ വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിക്കുന്നത്.
വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന റിക്രൂട്ട്മെന്റ് നടപടികളെക്കുറിച്ച് രാജ്യത്തെ 34 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് കത്തുകൾ അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ക്ലാരെ ഒ നെയിൽ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവും വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണവും നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നയങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിലെ കുടിയേറ്റം പകുതിയായി കുറയ്ക്കുമെന്ന് സർക്കാർ കണക്കാക്കുന്നു. നിരവധി വിദ്യാർഥികളാണ് സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയയിൽ പോകാൻ കാത്തിരിക്കുന്നത്. ഇവർക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.