തിരുവനന്തപുരം ; പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. 29 മണിക്കൂറോളം സീനിയേഴ്സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്ത്ഥന് ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
ഫെബ്രുവരി 16ന് രാവിലെ 9 മണി മുതല്‍ സിദ്ധാര്ത്ഥന് നേരെ ആരംഭിച്ച പീഡനം ഫെബ്രുവരി 17, 2 മണി വരെ തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ബെല്‍റ്റ് കൊണ്ടും കൈ കൊണ്ടും മര്‍ദ്ദിച്ചിരുന്നു.
“ഇതെല്ലാം സിദ്ധാര്‍ത്ഥനെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. കോഴ്സ് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ലെന്ന് സിദ്ധാര്ത്ഥന് തോന്നി. ഇതോടെ ജീവനൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിദ്ധാര്ത്ഥന് തോന്നിയിരിക്കാം,” പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
“പോലീസ് ആദ്യം അസാധാരണ മരണത്തിനാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് കോളേജിലെ ആന്റി-റാഗിംഗ് സ്ക്വാഡ്, മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് സിദ്ധാര്ത്ഥന് നേരെ ശാരീരിക-മാനസിക പീഡനമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.