കാഞ്ഞിരപ്പള്ളി: പാറത്തോട് പാലപ്രയില്‍ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികള്‍.
തൊഴിലാളി കണ്ടത് കാട്ടുപൂച്ചയോ പാക്കാനോ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം.പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍ ഉള്‍പ്പെട്ട പാലപ്ര ടോപ്പിലാണ് ഇന്നലെ പുലർച്ചെ കടുവയോട് സാദൃശ്യമുള്ള ജീവിയെ ടാപ്പിംഗ് തൊഴിലാളി കണ്ടത്. ഇരുപതേക്കറോളം വരുന്ന പാലയ്ക്കല്‍ എസ്റ്റേറ്റില്‍ റബർ മരങ്ങള്‍ ടാപ്പിംഗ് ചെയ്യാനെത്തിയ തൊഴിലാളി പുലർച്ചെ രണ്ടോടെ കടുവയോട് സാദൃശ്യമുള്ള ജീവിയെ കണ്ട് ഭയന്നോടുകയായിരുന്നു.
തുടർന്നു മറ്റ് തൊഴിലാളികളെയും വിവരമറിയിച്ചു. ഇവരാണ് നാട്ടുകാരോട് വിവരം പറഞ്ഞത്. സംഭവത്തെത്തുടർന്ന് എത്തിയ ജനപ്രതിനിധികള്‍ ഫോറസ്റ്റിലും പോലീസിലും വിവരമറിയിച്ചു.
വണ്ടൻപതാലില്‍നിന്ന് വനപാലകരും കാഞ്ഞിരപ്പള്ളിയില്‍നിന്ന് പോലീസ് സംഘവുമെത്തി പ്രദേശത്ത് ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാല്പാടുകള് പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കണ്ടത് കടുവ അല്ലെന്ന് വനപാലകർ സ്ഥിരീകരിച്ചത്.
എസ്റ്റേറ്റിന്റെ അതിർത്തി പ്രദേശങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളാണ്. വനവുമായി ഒരിടത്തും അതിർത്തി പങ്കിടുന്നുമില്ല. അതുകൊണ്ടുതന്നെ കടുവ പോലുള്ള വന്യമൃഗങ്ങള്‍ ഇവിടെ എത്താനുള്ള വിദൂര സാധ്യത പോലുമില്ലെന്നും വനപാലകർ വ്യക്തമാക്കി.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, പഞ്ചായത്തംഗം കെ.പി. സുജീലൻ എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.