ഡല്‍ഹി: സുനിത കെജ്‌രിവാളിന് അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് തിഹാർ ജയില്‍ അധികൃതർ.
ഇന്നത്തെ സന്ദർശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന്‍റെ കാരണം എന്താണെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.അതേസമയം, സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പൊതുജനങ്ങളോട് സുനിത കെജ്‌രിവാള്‍ അഭ്യർഥിച്ചു. വെസ്റ്റ് ഡല്‍ഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി മഹാബല്‍ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സുനിത.
സ്‌കൂളുകള്‍ പണിയുകയും സൗജന്യ വൈദ്യുതി നല്‍കുകയും ചെയ്‌തതിനാലാണ് കെജ്‌രിവാള്‍ ജയിലിലായതെന്ന് സുനിത പറഞ്ഞു. ആർക്കും തകർക്കാനോ തലകുനിപ്പിക്കാനോ കഴിയാത്ത വ്യക്തിയാണ് കെജ്‌രിവാളെന്നും അവർ അഭിപ്രായപ്പെട്ടു.
“നിങ്ങളുടെ മുഖ്യമന്ത്രി ഒരു സിംഹമാണ്. ആർക്കും അദ്ദേഹത്തെ തകർക്കാനോ തലകുനിപ്പിക്കാനോ കഴിയില്ല. അദ്ദേഹം ഭാരതമാതാവിന്‍റെ പുത്രനാണ്. ഭാരതമാതാവിന്‍റെ മകള്‍ എന്ന നിലയില്‍ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത് ഏകാധിപത്യത്തിനെതിരെ വോട്ട് ചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനുമാണ്. ദയവായി നിങ്ങളുടെ വോട്ടിന്‍റെ മൂല്യം മനസിലാക്കുക” -സുനിത പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അസാന്നിധ്യത്തില്‍ ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിരുക്കുകയാണ് സുനിത കെജ്രിവാള്‍.
ദക്ഷിണ ഡല്‍ഹി, ന്യൂഡല്‍ഹി മണ്ഡലങ്ങളിലും ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സുനിത എ.എ.പി സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് പാർട്ടി നേതാക്കള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.