ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ബോർഡിങ്ങിനുള്ള വെയിറ്റിംഗ് ഏരിയയിലിരുന്ന് മീര തൻ്റെ ബോർഡിംഗ് പാസ്സിൽ ഒന്നു കൂടി നോക്കി..

ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ബോർഡിങ്ങിനുള്ള വെയിറ്റിംഗ് ഏരിയയിലിരുന്ന് മീര തൻ്റെ ബോർഡിംഗ് പാസ്സിൽ ഒന്നു കൂടി എത്തിഹാദ് ഫ്ലൈറ്റിൻ്റെ ടൈം നോക്കി, ഒന്നും ആയില്ല, ഇനിയും സമയം ഉണ്ട്. അവൾ വീണ്ടും എന്തെന്നില്ലാത്ത ആലോചനകളിലേക്ക് വഴുതി വീണു. 

മീര- ആറു മാസം മുൻപ് ആണ് അവൾ യുകെയിൽ എത്തിയത്. ഇപ്പോൾ തൻ്റെ കുടുംബത്തേയും കൊണ്ടുവരാനായി നാട്ടിലേക്ക് പോവുകയാണ്. എല്ലാവരും ചോദിച്ചു നീ എന്തിന്നു പൈസ കളഞ്ഞു പോകുന്നത്, ഭർത്താവും കുഞ്ഞും തനിയെ ഇങ്ങ് പോന്നാൽ  പോരായോ, ഇതൊരു പാഴ്ചിലവ് അല്ലേയെന്ന്. ആയിരിക്കാം പക്ഷേ ഏഴു മാസം ഉള്ളപ്പോൾ നാട്ടിലാക്കിയ തൻ്റെ ഒന്നേകാൽ വയസ്സുകാരൻ മകനെ ഫ്ലൈറ്റിൽ തനിയേ കൊണ്ടുവരാൻ തനിക്ക് സാധിക്കില്ല എന്ന ഭർത്താവ് പറഞ്ഞിരുന്നതിനാലും ആറു മാസം മുൻപ് ഡൽഹിയിൽ നിന്നും യൂകെയിലേക്ക് പോരുമ്പോൾ നാട്ടിൽ പോകാനും തൻ്റെ പ്രായമായ അമ്മയെ കാണാൻ സാധിക്കാഞ്ഞതിലും ഇപ്പോൾ ഒരു പ്രായശ്ചിത്തം ആകുമെല്ലോ എന്നു കൂടി കരുതിയാണ് അവൾ ഈ യാത്രക്ക് ഒരുങ്ങിയത്.

അവളുടെ മനസ്സ് ഏഴ് വർഷങ്ങൾ പിറകിലേക്ക് പോയി, കോട്ടയത്തെ പ്രശസ്തമായ പ്രൈവറ്റ് നഴ്സിങ് കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടു കൂടി പാസ്സ് ആയി. ഒരു വർഷത്തെ എക്സ്പീരിയൻസിനു ശേഷം അവൾ ഡൽഹിയിലെത്തി. മധ്യ ഡൽഹിയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഐസിയു- വിൽ അവൾക്ക് ജോലി കിട്ടി. ആദ്യമൊക്കെ ഹോസ്റ്റൽ ജീവിതമായിരുന്നു. ഹോസ്പിറ്റലിൽ നിന്നും 12 കിലോമീറ്റർ അകലെ ആയിരുന്നു ഹോസ്റ്റൽ. ഹോസ്പിറ്റലിന്റെ വാഹനത്തിലാണ് അവർ പോയി വന്ന് ഇരുന്നത്. എന്നാൽ നമ്മുടെ സമയത്തേക്കാൾ അവിടുത്തെ ഡ്രൈവർമാരുടെ സമയത്ത് നായിരുന്നു വില. അതുകൊണ്ടു തന്നേ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പലപ്പോഴും റൂമിലെത്തിയിരുന്നത് 11.30 ശേഷമായിരുന്നു. അങ്ങനെയാണ് ഹോസ്റ്റലിനോട് വിടപറഞ്ഞ് ഹോസ്പിറ്റലിൽ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്ത് പ്രസാദ് നഗറിൽ മറ്റു നാലു കൂട്ടുകാരികളോടൊപ്പം വീട് എടുത്തു താമസിച്ചു തുടങ്ങിയത്. യാത്രകൾക്ക് ഈ-റിക്ഷകൾ ആയിരുന്നു ആശ്രയം. അങ്ങനെ ഒരു ഡൽഹി നിവാസിയായി മാറുകയായിരുന്നു. 

ഡൽഹി, അതൊരു  ലോകമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ താമസിക്കുന്നതിനാൽ വിവിധ കൾച്ചറുകളിൽ പെട്ട ആളുകളെ നമുക്ക് കാണാം, ഏറ്റവും ചെറിയ വരുമാനക്കാരൻ മുതൽ ശതകോടീശ്വരൻമാർ വരെ ജീവിക്കുന്ന ചെറിയ ഒരു വലിയ നഗരം. ഡൽഹി യെക്കുറിച്ച് എഴുതാൻ ഒരു ബുക്ക് തന്നെ വേണ്ടി വരും. എന്നാലും പട്ടാപ്പകലും എന്റെ കഴുത്തിൽ കിടന്ന മാല പറിച്ചു  കൊണ്ടുപോയ സംഭവം ഇന്നും ഒരു ഭീകര ഓർമ്മയാണ്.. 

ഏകദേശം ഒരു വർഷം ആയപ്പോഴേക്കും ഒരു സൗദി MOH ഇന്റർവ്യൂ വന്നു. ജുലൈനയിലെ സൂര്യ ഹോട്ടലിൽ വെച്ചു നടന്ന ഇന്റർവ്യൂ പാസ്സ് ആയി. അന്നു അഭിമാനത്തോടെ വീട്ടിൽ വിളിച്ചു പറഞ്ഞു. ഓഡേപക് വഴി ആയിരുന്നതിനാൽ അധികം ചിലവ് വന്നില്ല. എന്നാലും ആകെയുണ്ടായിരുന്ന പാദ സ്വരവും വളകളും വിറ്റു, കാരണം എൻ്റെ എഡ്യൂക്കേഷണൽ ലോൺ ഇന്നും തീർന്നിട്ടില്ല. എന്തായാലും ഹോസ്പിറ്റലിൽ റിസൈൻ ചെയ്തു വിസ വന്നു, ടിക്കറ്റിനായി വെയിറ്റ് ചെയ്യുന്ന സമയം. വീട്ടിൽ നിന്നും ഒരു ഫോൺ കോൾ. " മോളെ അമ്മക്ക് നിന്നെ ഒന്നു കാണണം, നീ ഒന്നു നാട്ടിൽ വന്നിട്ടു പൊക്കോളു.." എനിക്ക് സൗദിയിലേക്ക് ഡൽഹിയിൽ നിന്നും ടിക്കറ്റ് മതി എന്നു പറഞ്ഞിരുന്നതിനാൽ നാട്ടിൽ പോകുന്നില്ല എന്നു വിചാരിച്ചിരിക്കവേയാണ് ഇങ്ങനെ ഒരു പോക്ക് പോകേണ്ടി വന്നത്. 

എമർജൻസി ആയി തന്നെ ഫ്ലൈറ്റിൽ നാട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത് മദ്ധ്യ വർഗ്ഗ വീടുകളിലെ അതേ ആവലാതി, എന്നെ കെട്ടിച്ചു വിടണമത്രെ.. അമ്മക്ക് കാണാനല്ല ചെറുക്കന് പെണ്ണു കാണാനായിരുന്നു ഈ എമർജൻസി നാടകമെല്ലാം. കാരണം കടമെല്ലാം വീട്ടിയിട്ടു മാത്രമേ കല്യാണം കഴിക്കുകയുള്ളു എന്ന എൻ്റെ തീരുമാനത്തെ നൈസായിട്ട് വീട്ടുകാർ പൊളിച്ചടുക്കി. അങ്ങനെ ചെറുക്കനും കൂട്ടരുമെത്തി. എൻജിനീയറിങ് കഴിഞ്ഞ് ദുബായില് ഏതോ വലിയ കമ്പനിയിൽ സൂപ്പർവൈസർ ആണത്രേ. അമ്മായിയുടെ ആലോചനയാണ്. ഇങ്ങനെ ഒരു ആലോചന വന്നത് തന്നെ എൻ്റെ ഭാഗ്യമാണ് എന്നാണ് അമ്മായിയുടെ പക്ഷം. ഭാഗ്യം അൽപ്പം സംസാരിക്കാനുള്ള അവസരം തന്നു. പേര് ഡെന്നീസ്, ചോദിച്ചു വന്നപ്പോൾ മനസ്സിലായി ഐ.റ്റി.ഐ പാസ്സ് ആയി ആണ് ദുബായിൽ പോയത്. രണ്ടു വർഷമായി അവിടെയാണ്. എൻ്റെ അഭിപ്രായം എന്ത് എന്നതിനു പ്രസക്തി ഇല്ലാത്തതിനാൽ തന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ എൻ്റെ എൻഗേജ്മെൻ്റ് കഴിഞ്ഞു. കാരണം മൂന്നാം ദിവസം ഞാൻ ഡൽഹിക്കു പോവുകയായിരുന്നു. എൻഗേജ്മെൻ്റ് നടന്ന അന്നു തന്നെ ഡൽഹിയിൽ നിന്നും ഏജെൻസിക്കാര് വിളിച്ചു അടുത്ത ആഴ്ച്ചത്തേക്ക് ടിക്കറ്റ് വന്നു അത്രേ. ഇതു കേട്ട അമ്മായിയും കൂട്ടരും ഇതൊക്കെ ഡെന്നീസ് കൊണ്ടുവന്ന ഭാഗ്യമായി കണക്കാക്കണം എന്നു അഭിപ്രായപ്പെട്ടു. 

അങ്ങനെ പാറി പറന്നു നടന്ന എനിക്ക് ഒരു കൂട്ടായി ഡെന്നീസ് ചേട്ടനും എത്തി. എന്നേക്കാൾ ഏഴു വയസ്സ് മൂത്തതായിരുന്നു ചേട്ടൻ. ഞാൻ സൗദിയിലേക്ക് പോകുന്ന അന്നു ചേട്ടനു എൻ്റെ കൂടെ നിന്നു യാത്ര അയക്കാൻ പറ്റാത്തതിലുള്ള വിഷമം അറിയിച്ചപ്പോഴാണ് ആദ്യമായി എൻ്റെ മനസ്സും ചേട്ടനോട് ഒന്ന് അടുത്തത്.. 

ഡൽഹിയിൽ നിന്നും ഞങ്ങൾ ഏഴു പേരുണ്ടായിരുന്നു ഒരേ ഫ്ലാറ്റിൽ പോകാനായിട്ട്. അങ്ങനെ ജിദ്ദയിലെത്തി. അവിടുന്നു ഞങ്ങൾ ഏഴുപേരും മൂന്നു വഴിക്കായി തിരിഞ്ഞു. ഞാൻ മാത്രം തനിച്ചായിരുന്നു പോയത്. നജ്റാനിലായിരുന്നു എനിക്ക് പോസ്റ്റിങ്ങ് കിട്ടിയത്. ആദ്യസമയങ്ങളിലെ ഏകാന്തതയും പുതിയ സ്ഥലത്തോട് അഡ്ജസ്റ്റ് ആകാനുള്ള സമയവും എന്നെ ശരിക്കും വീർപ്പ് മുട്ടിച്ചു. എല്ലാ ദിവസവും ഡെന്നീസ് ചേട്ടൻ എന്നെ വിളിക്കുന്നുണ്ടായിരുന്നു. പതിയെ ഞാൻ ആ സ്ഥലവുമായി പൊരുത്തപ്പെട്ടു. ലഭിച്ച ശമ്പളം മുഴുവനും ഞാൻ എന്റെ എഡ്യൂക്കേഷണൽ ലോൺ തീർക്കാനായി ഉപയോഗിച്ചു. ആദ്യ വർഷത്തിൽ തന്നെ എട്ടു ലക്ഷമുണ്ടായിരുന്ന ലോൺ തീർത്തത് കൂടെ വർക്ക് ചെയ്യുന്നവർക്കും ഒരു വിസ്മയമായി തോന്നി. എങ്കിലും മറ്റു ചിലവുകൾ ഒന്നും തന്നെ ഇല്ലാതിരുന്നതുമൂലം അത് സാധിച്ചു എന്നതാണ് സത്യം. 

രണ്ടാം വർഷം കൊണ്ട് ഞാൻ ചെറിയ ഒരു ബാങ്ക് ബാലൻസ് ഒപ്പിച്ചു. അങ്ങനെ ഞാൻ നിഡോ പാൽപ്പൊടിയും ടാങ്ക് കലക്കാനുള്ള പൊടികളും, ചോക്ലേറ്റുകളും, ഈന്തപഴങ്ങളും ഒക്കെ ആയി ആദ്യമായി നാട്ടിൽ എത്തി. ഇതേ സമയം തന്നെ ഡെന്നീസ് ചേട്ടനും നാട്ടിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ കല്യാണവും നടത്തി. കല്യാണത്തിനു ശേഷമാണ് എനിക്കു മനസ്സിലായത് ചേട്ടൻ ഇനി തിരിച്ചു പോകുന്നില്ലത്രേ, എന്റെ കൂടെ സൗദിക്കു വരാനാണ് പ്ലാൻ എന്നും. നജ്റാനിൽ കുടുംബമായി താമസിക്കുക എന്നതും ചേട്ടന് ഒരു ജോലി കണ്ടുപിടിക്കുക എന്നതും വെല്ലുവിളി ആകും എന്ന് ഞാനും പറഞ്ഞു. എങ്കിലും എത്രയും വേഗം ഒരുമിച്ച് താമസിക്കേണം എന്നത് തന്നെയായിരുന്നു എന്റെയും ആഗ്രഹം. അങ്ങനെ 45 ദിവസത്തെ അവധിക്കു ശേഷം ഞാൻ തിരിച്ചു പോയി. 

തിരിച്ചു ചെന്നതിൻ്റ പിറ്റേന്നു മുതൽ ചേട്ടനു എന്ന് അങ്ങോട്ടത്തേക്ക് എത്താൻ പറ്റും എന്നതായി ഞങ്ങളുടെ ചർച്ചാ വിഷയങ്ങൾ. എൻ്റെ നിരുൽസാഹപ്പെടുത്തലുകളേയും മറികടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ചേട്ടനും സൗദിയിലെത്തി. വാടക വീട്, കാറ് എല്ലാം കൂടെ കുറച്ച് ടൈറ്റായി ഓടാൻ തുടങ്ങി. ചേട്ടനൊരു ജോലി എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.. ജോലി തിരക്കുകളായിരുന്നു എനിക്ക് മറ്റൊരു വെല്ലുവിളി. തനിയേ കഴിഞ്ഞിരുന്നപ്പോൾ നൈറ്റ് ഡ്യൂട്ടി ഒക്കെ എനിക്ക് നിസ്സാരമായിരുന്നു. എന്നാലിപ്പോൾ ആവശ്യത്തിനു റെസ്റ്റ് കിട്ടാത്തത് ഒരു പ്രശ്നമായി വന്നു. ഡ്യൂട്ടിയിലെ തിരക്കുകൾ എത്ര പറഞ്ഞാലും ഈ പ്രൊഫഷനിലല്ലാത്തതിനാൽ ചേട്ടനു അത്  മനസ്സിലാകില്ലായിരുന്നു. ആറു മാസത്തിനു ശേഷവും ചേട്ടനു ജോലി ലഭിക്കാത്തത് ഒരു വിഷമമായി മാറിയിരുന്നു.  ചില ഇൻ്റർവ്യൂകളിനൊക്കെയും പോയി എങ്കിലും ജോലി മാത്രം ശരിയായില്ല. ഏകദേശം ഒരു വർഷം.. സൗദിയോട് മടുപ്പായി തുടങ്ങി. എൻ്റെ ചിരകാല സ്വപ്നമായ്രുന്ന  വീട് പണി കൂടി നാട്ടിൽ ആരംഭിച്ചിരുന്നു. അതുകൊണ്ടു എങ്ങനെയും പിടിച്ചു നിൽക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. 

ഇപ്രാവശ്യം കോൺട്രാക്ട് പുതുക്കേണ്ട സമയമാകുന്നു. എന്നാൽ ഇപ്പോൾ കുടുംബജീവിതത്തിൻ്റെയും താളം തെറ്റൽ ഞങ്ങളെ വലച്ചിരുന്നു. അങ്ങനെ അവസാനം ഒരുമിച്ചു ഒരു തീരുമാനം എടുത്തു പഴയ തട്ടകമായ ഡൽഹിയിലേക്ക് തിരിച്ചു പോകാം. നാലു വർഷത്തെ സേവനത്തിനു ശേഷം സൗദിയോട് വിട പറഞ്ഞു. നാട്ടിലേക്ക് പോയില്ല, മെയിൻ കാരണം കുട്ടികളാകാത്തത് എന്ത് എന്നുള്ള നാട്ടു ചോദ്യങ്ങൾ ഒഴിവാക്കുക എന്നത് തന്നെ ആയിരുന്നു. ഡൽഹിയിലെത്തി പഴയ ഒരു കൂട്ടുകാരിയോടൊപ്പം ഒരാഴ്ച്ച താമസിച്ചു കൊണ്ട് ഒരു വാടക വീട് കണ്ടു പിടിച്ചു. പഴയ ഹോസ്പിറ്റലിൽ തന്നെ പോയി ഭാഗ്യം, വേക്കൻസി ഉണ്ടായിരുന്നു, പഴയ സ്റ്റാഫ് എന്ന പരിഗണനയിൽ തന്നെ പഴയ ഐസിയു തന്നെ കിട്ടി. അന്നു കൂടെ ജോലി ചെയ്തിരുന്ന  ജോർജ് ചേട്ടനാണ് ഇപ്പോഴത്തെ TL. 

അങ്ങനെ വീണ്ടും പഴയ ഡൽഹി ലൈഫിലേക്കെത്തി. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ചേട്ടൻ ഒരു മലയാളി ഹോട്ടലിൽ ജോലിക്കു പോകാൻ തുടങ്ങി. നൈറ്റ് ഡ്യൂട്ടി യായിരുന്നു എനിക്ക് വെല്ലുവിളി. ചേട്ടൻ വീട്ടിൽ അടുക്കളയിൽ കയറാറില്ല. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഇഷ്ടമല്ല. ചൂട് ചോറും നാലും കൂട്ടം കറികളും നിർബന്ധമാണ്. ചെറുപ്പം മുതലുള്ള അവൻ്റെ ശീലമാണെന്ന് അവിടുത്തെ മമ്മിയും പറഞ്ഞിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ചേട്ടൻ അവിടുത്തെ ജോലി വിട്ടു. കാരണം ഒന്നും പറഞ്ഞില്ല. വേറെ നോക്കാം എന്നു പറഞ്ഞ് ഇരുന്നു.  മോണിങ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിലെ എൻ്റെ ദിനചര്യകൾ ഇങ്ങനെയായിരുന്നു,. 

അഞ്ചു മണിക്ക് അലാറം വെച്ച് എഴുന്നേൽക്കുക, ഉച്ചക്കത്തേക്കുള്ള ചോറ്, കറികൾ, ബ്രേക്ക്ഫാസ്റ്റ് എല്ലാം തയ്യാറാക്കി വരുമ്പോൾ തന്നെ ഏഴു മണി കഴിയും. ഏഴരക്ക്  തന്നെ പഞ്ച് ചെയ്യാൻ പിന്നെ ഒരു ഓട്ടപ്രദക്ഷിണമാണ്.. ഇതിനിടയിൽ ചേട്ടൻ ഓല-ടാക്സി ഓടി ക്കാനായി പോയി.. അതേ സമയം തന്നെ ഞാൻ പ്രഗ്നൻ്റുമായി. പോയ സന്തോഷങ്ങളും ഒക്കെ തിരികെ വരാൻ തുടങ്ങി. ചേട്ടൻ്റെ എയർലി മോണിങ് ഷിഫ്റ്റുകൾ ചേട്ടനു തന്നെ ബുദ്ധിമുട്ട് ആയി തോന്നിയതിനാൽ ഒരു മാസത്തിനു ശേഷം ആ ജോലിയോടും യാത്ര പറഞ്ഞു.. 

ഒരു ദിവസം എൻ്റെ അഞ്ചു മണി അലാറം എന്നെ ചതിച്ചു. എഴുന്നേറ്റത് 6.45 ന്. ചടാപടാ-ന്ന് തയ്യാറായി ഞാൻ ഓടിപോയി . അന്നു വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നു. തിരിച്ച് വീട്ടിലെത്തിയത് 3.30 ക്ക്. അടുക്കളയിലെത്തിയ ഞാൻ കണ്ണുകൾ നിറഞ്ഞ് ഭിത്തിയിൽ ചാരി നിന്നു. അരി പോലും ഇടാനുള്ള മനസ്സ് ചേട്ടന് ഇല്ലാതെ പോയി, എന്തെങ്കിലും പുറത്ത് നിന്നു മേടിച്ച് കൊണ്ടു വെക്കാമായിരുന്നില്ലേ എന്നുള്ള ചോദ്യത്തിനും മറുപടിയൊന്നുമില്ലായിരുന്നു. ഞാൻ തന്നെ താഴെ കടയിൽ പോയി ബ്രെഡ് മേടിച്ച് കൊണ്ടു വന്ന് ഇരുന്ന മുട്ടയുമെടുത്ത് ടോസ്റ്റ് ചെയ്ത് അന്ന് ആദ്യമായി ചേട്ടൻ ചോറും കറിയുമല്ലാത്ത ലഞ്ച് കഴിച്ചു. പിന്നെ ഇത് തുടർക്കഥകളായിരുന്നു. ഭാര്യക്ക് മാത്രമുള്ള സ്വത്ത് ആണ് അടുക്കള എന്ന കോൺസെപ്റ്റിൽ  നടക്കുന്ന ചേട്ടനെ തിരുത്താൻ എനിക്കും സാധിച്ചില്ല. 

കുറേ നാളുകളായി നഴ്സുമാർ യൂറോപ്പിലേക്ക് കൂട്ടമായി ഒഴുകുന്നുണ്ട്. ചേട്ടൻ്റെ കുറേ സുഹൃത്തുക്കൾ തങ്ങളുടെ ഭാര്യമാരോടൊപ്പം യൂറോപ്പിലെത്തിയ ഫോട്ടോയും കണ്ടിട്ടാകാം ഇടക്കിടെ ചേട്ടനും എന്നോട് നീ എന്താ ഓ.ഇ.ടി ഒന്നും പഠിക്കാത്തത് എന്നു ചോദിക്കാറുണ്ട് . പിന്നെ എന്നും പറയുന്നതുപോലെ നിനക്ക് അതിനൊന്നും കഴിവില്ല, മണ്ടിയാണ് എന്നുള്ള സ്ഥിര വാചകങ്ങൾ പുള്ളി തന്നെ പറഞ്ഞ് നിർവൃതിയടയും. സത്യം പറഞ്ഞാൽ സൗദിയിൽ വെച്ചേ ഞാനിത് ഒന്നു ട്രൈ ചെയ്താലോ എന്നു ആലോചിച്ചതായിരുന്നു. നാട്ടിൽ പോയി പഠിക്കണം എന്ന് ഉള്ളിൽ ചെറുതാണെങ്കിലും ഒരു പ്ലാൻ ഇട്ടിരുന്നു. പക്ഷേ ചിലവുകൾ ഓർത്തു മാത്രമാണ് ഇറങ്ങാഞ്ഞത്.. 

എൻ്റെ പ്രെഗ്നൻസി ഏഴു മാസമായപ്പോഴേക്കും ഞാൻ രണ്ടും കൽപ്പിച്ച് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഇടി-ക്ക് ജോയിൻ ചെയ്തു. പഠനവും ജോലിയും വീട്ടുജോലിയും പ്രെഗ്നൻസിയിലെ പ്രശ്നങ്ങളും എല്ലാം ചേർന്ന് ഞാൻ ആകെ തിരക്ക് പിടിച്ചിരുന്ന ജീവിതവുമായി മുന്നോട്ട് പോയി. എന്തായാലും മെറ്റേണിറ്റി ലീവിൽ ആണ്, ഡെലിവറി ക്ക് മുൻപ് തന്നെ എക്സാം എഴുതാം എന്നുള്ള ഉറച്ച തീരുമാനത്തിൽ ഒൻപതാം മാസം ആയപ്പോഴേക്കും ഞാൻ ഒരു അറ്റംപ്റ്റ് നടത്തി. ദൂരെ ഗുഡ്ഗാവിൽ പോയി ആണ് എക്സാം എഴുതിയത്. 

മൂന്ന് ആഴ്ച്ചക്ക് ശേഷം റിസൾട്ട് വന്നു, മൂന്നു B, ലിസണിങ് മാത്രം C.. ഇത്രയും കഷ്ടപ്പെട്ടിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെല്ലോ എന്നതിനേക്കാൾ എന്നെ വേദനിപ്പിച്ചു കഴിവില്ലാത്ത പൊട്ടിപ്പെണ്ണ് എന്ന ചേട്ടൻ്റെ കുറ്റപ്പെടുത്തലുകളായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഉണ്ണിക്കുട്ടൻ പിറന്നു. അതോടെ വീണ്ടും സന്തോഷത്തിന്റെ നാളുകൾ തിരികെയെത്തി.. ഇതിനിടയിൽ കൂടെ വർക്ക് ചെയ്തിരുന്ന ഒരു കൊച്ച് ആണ് എയിംനയുടെ ഓഇടി-സപ്പോർട്ട് ഗ്രൂപ്പ് പരിജയപ്പെടുത്തിയതും അതിലേക്ക് ജോയിൻ ചെയ്തതും. വീണ്ടും വീണ്ടും ഫീസ് കൊടുത്ത് പഠിക്കാനില്ലാത്ത അനേകം പേർക്ക് ആശ്വാസമാകുന്ന ഒരിടം. അതിലെ പലരുടെയും ടെസ്റ്റിമണികൾ എന്നിലും പ്രതീക്ഷയുടെ നാമ്പ് മുളപ്പിച്ചു. അതിലെ ക്ലാസ്സുകളും ടിപ്സുകളും പരമാവധി തന്നെ ഞാൻ ഉപയോഗിക്കാൻ ശ്രമിച്ചു. ഇന്നു ഞാൻ മാത്രമല്ല എൻ്റെ ഉണ്ണിക്കുട്ടനും കൂടെ കിടന്ന് ഓ. ഇ.ടി എല്ലാം പഠിക്കുന്നുണ്ട്.. 

ഉണ്ണിക്കുട്ടനു മൂന്നു മാസമായി, എൻ്റെ ലീവ് തീരാൻ ഒരു മാസം കൂടി. രണ്ടും കൽപ്പിച്ച് ഒരു ഡേറ്റ് അങ്ങ് എടുത്തു. എക്സാമിൻ്റെ രണ്ടു ദിവസം മുൻപ് കിട്ടിയ ഒരു ക്ലാസ്സിൽ എയിംന ഗ്രൂപ്പിലെ ബബിത മേഡവും ഷാജി സാറും തന്ന ചില മോട്ടിവേഷനുകൾ എന്നിലെ ചില നെഗറ്റീവ് ചിന്തകൾ മാറുവാൻ സാധിച്ചു. 

ക്ലാസ്സിനു ശേഷം ഞാൻ അവരുമായി നേരിട്ട് ഒന്നു വിളിച്ചു സംസാരിച്ചു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എൻ്റെ ചേട്ടൻ എന്നെ കഴിവില്ലാത്ത എന്നു ചാർത്തി തന്ന മുദ്ര ഏകദേശം അംഗീകരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത് എന്നു മനസ്സിലാക്കിയ അവർ, നാലു വർഷത്തെ പഠനവും ആയിരത്തിലധികം അസൈൻമെൻ്റ്സുകൾ, കെയർ പ്ലാനുകൾ, കെയർ സ്റ്റഡികൾ തുടങ്ങി വലിയ ഒരു ബാലികേറാമലയായ ബി എസ് സി നഴ്സിങ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സ് ആയി, ഡൽഹിയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിലെയും സൗദിയിലേയും ഇൻ്റർവ്യൂകൾ പാസ്സ് ആവുകയും, പ്രൊമെട്രിക്ക് എക്സാം ആദ്യ പ്രാവശ്യം തന്നെ പാസ്സ് ആയി, സൗദിയിൽ ജോലി ചെയ്ത്, സ്വന്തം എഡ്യൂക്കേഷണൽ ലോണും തീർത്ത്, വീട്ടുകാരെയും, ഭർത്താവിനെയും, ഭർതൃവീട്ടുകാരെയും സഹായിച്ച്, സ്വന്തമായി ഒരു വീടിന്റെ മേൽക്കൂര വരെ അദ്വാനിച്ചുണ്ടാക്കിയ സ്വന്തം പൈസ കൊണ്ട് തീർത്ത മീരക്ക് കഴിയില്ലെന്ന് ആരും പറഞ്ഞാലും അംഗീകരിക്കാൻ സാധിക്കില്ല എന്ന അവരുടെ ഉറച്ച ശബ്ദം എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ചു.. ഇത് എനിക്കു തന്നെ കോൺഫിഡൻസ് തന്നെയാണ് രണ്ടു ദിവസം കഴിഞ്ഞു നടന്ന എക്സാമിനു റൈറ്റിങ് മാത്രം C+ ബാക്കി മൂന്നു മൊഡ്യൂളുകൾക്കും B മേടിച്ച് ഞാൻ യൂകെ എലിജിബിലിറ്റി കരസ്ഥമാക്കി. 

ഈ റിസൾട്ട് വന്ന അന്നു ഞാൻ നേരത്തെ കിട്ടിയ അതേ ഡയലോഗ് ചേട്ടനോട് പറഞ്ഞു നോക്കി. അത് ഒരു മാറ്റത്തിന്റെ തുടക്കമായി എനിക്ക് കുറച്ചൊക്കെ അനുഭവപ്പെട്ടു. ഏഴു മാസമുള്ള കുഞ്ഞിനെ കുറച്ച് നാളത്തേക്കെങ്കിലും പിരിയേണ്ടി വന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങ് പോയിന്റ്, എന്നാലും നാലു മാസങ്ങൾക്ക് ശേഷം ഞാൻ യൂകെ എത്തിച്ചേർന്നു....... 

പതിയെ കണ്ണുകൾ തുറന്നു, ബോർഡിംഗ് ആരംഭിച്ചിട്ടുണ്ട്. ഇനി മണിക്കൂറുകൾ മാത്രം.. തിരികെയെത്തുമ്പോൾ കാത്തിരിതക്കുന്നത് യൂറോപ്പ്യൻ ലൈഫിൻ്റെ മറ്റൊരു അദ്ധ്യായം ആയിരിക്കും എന്ന ഉറച്ച ബോധ്യത്തോടെ അവൾ ബോർഡിംഗിനായി ഗേറ്റിലേക്ക് നടന്നു നീങ്ങി... 

NB- ഇത് ഒരു മീരയുടെ മാത്രം കഥയല്ല, ഞാൻ നേരിൽ കണ്ട അനേകം മീരമാരുടെ അനുഭവങ്ങളുടെ ഒരു ചുരുക്കരൂപമാണ്. ഈ മീരയുടെ ജീവിതത്തിലെ ചില കാര്യങ്ങൾ എഴുതാതെ മനപൂർവ്വം വിട്ടതാണ്. ഇതിനു ചിലപ്പോൾ നിങ്ങളുടെയോ സുഹൃത്തുക്കളുടെയും ജീവിതവുമായി സാമ്യം തോന്നിയേക്കാം.......

കടപ്പാട് ✍️✍️ :- Shani T Mathew

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !