മറയൂർ: ഇടുക്കി കാന്തല്ലൂരില്‍ മകന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍. കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവർഗ്ഗ കോളനിയില്‍ ഇന്നലെയായിരുന്നു സംഭവം.
ചമ്പക്കാട് ഗോത്രവർഗ കോളനിയിലെ എസ്. ശെല്‍വി(34)യെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരൻ നീരജിനെ ആശുപത്രിയിലാക്കി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിന്നാർ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭർത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂർ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഭാവിയില്‍ മകനും ഭർത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നല്‍കി കൊല്ലാൻ ശ്രമിച്ചതെന്ന് ശെല്‍വി പറഞ്ഞു. ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാൻ ചേർത്താണ് ശെല്‍വി നീരജിന് നല്‍കിയത്. സംഭവസമയം വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു.
വിഷത്തിന്റെ രൂക്ഷഗന്ധം പടർന്നതോടെ സമീപവാസികള്‍ ശെല്‍വിയുടെ വീട്ടിലേക്കെത്തി. വിഷം ചേർന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് ഇവർ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ശെല്‍വി പറഞ്ഞു. ഗ്രാമവാസികളാണ് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുവാൻ മറയൂർ ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെട്ടത്.
ട്രൈബല്‍ ഓഫീസ് അധികൃതർ ഉടനടി മറയൂർ പോലീസില്‍ വിവരമറിയിച്ചു. മറയൂരില്‍ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ 24 മണിക്കൂർ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ഡോക്ടർമാർ പറഞ്ഞു..
ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള മറയൂരിലെ പോലീസ് സംഘം ചമ്പക്കാട്ടിലെ വീട്ടില്‍ നിന്നാണ് ശെല്‍വിയെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടിനുള്ളില്‍ നിന്നും വിഷം കലർന്ന ചോറും വിഷക്കുപ്പിയും കണ്ടെടുത്തു. ശെല്‍വിയെ വ്യാഴാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.