അംബാല: ഹരിയാനയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി.
അംബാല സ്വദേശിനിയായ പ്രിയ, ഇവരുടെ സഹോദരൻ ഹേമന്ത്, സഹോദരന്റെ ഭാര്യ പ്രീതി എന്നിവരെയാണ് പോലീസ് പിടികൂടിയത്. നരബലിയുടെ ഭാഗമായാണ് വ്യാപാരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.ബുധനാഴ്ച വൈകിട്ടാണ് അംബാലയിലെ വ്യാപാരിയായ മഹേഷ് ഗുപ്ത(44)യെ മുഖ്യപ്രതി പ്രിയയുടെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രിയ നേരത്തെ മഹേഷ് ഗുപ്തയുടെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നയാളാണ്. ബുധനാഴ്ച പ്രിയയുടെ വീട്ടിലെത്തിയ മഹേഷിനെ പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.
കടയില്‍നിന്നുള്ള സാധനങ്ങള്‍ നല്‍കാനായാണ് മഹേഷ് പ്രിയയുടെ വീട്ടിലേക്ക് പോയതെന്നാണ് ഇദ്ദേഹത്തിന്റെ സഹോദരന്റെ പരാതിയില്‍ പറയുന്നത്. ഏറെനേരം കഴിഞ്ഞിട്ടും മഹേഷ് തിരികെവന്നില്ല. ഫോണ്‍വിളിച്ചിട്ടും പ്രതികരമുണ്ടായില്ല. ഇതോടെ കുടുംബം തിരച്ചില്‍ ആരംഭിച്ചു.
പോലീസിലും പരാതി നല്കി. തുടർന്ന് പ്രിയയുടെ വീടിന് മുന്നില്‍ ഗുപ്തയുടെ സ്കൂട്ടർ കണ്ടെത്തി. പലതവണ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചിട്ടും ഇവിടെനിന്ന് പ്രതികരണമുണ്ടായില്ല. തുടർന്ന് ബലമായി വാതില്‍ തുറന്ന് അകത്ത് കടന്നതോടെയാണ് ഗുപ്തയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
വാതില്‍ തുറന്നപ്പോള്‍ പ്രതികളായ മൂവരും ചേർന്ന് ഗുപ്തയെ വലിച്ചിഴക്കുന്നതാണ് കണ്ടതെന്ന് ഗുപ്തയുടെ സഹോദരൻ മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയം ഗുപ്തയുടെ കഴുത്തില്‍ ഒരു തുണി കെട്ടിയനിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായാണ് ഡോക്ടർമാർ അറിയിച്ചതെന്നും സഹോദരൻ പറഞ്ഞു.
സംഭവത്തില്‍ മുഖ്യപ്രതിയായ പ്രിയയെയും ഇവരുടെ ബന്ധുക്കളെയും വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുപ്തയെ കൊലപ്പെടുത്തിയത് നരബലിയുടെ ഭാഗമായെന്നാണ് പ്രിയ പോലീസിന് നല്കിയ മൊഴി.
കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. തുടർന്ന് നരബലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനാലാണ് ഗുപ്തയെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.